KERALA

ഇന്ന് മഹാനവമി; ക്ഷേത്രങ്ങളിലേക്ക് ഭക്തജന പ്രവാഹം

നാളെ പൂജയെടുപ്പും തുടർന്ന് കുട്ടികൾക്കുള്ള വിദ്യാരംഭ ചടങ്ങുകളുമായി വിജയദശമി ആഘോഷിക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇന്ന് മഹാനവമി, ശക്തിയുടെയും അറിവിൻ്റെയും പ്രാധാന്യം വിളിച്ചോതുന്ന പുണ്യ ദിനമാണ് ഇന്ന്. നവരാത്രിയുടെ സമാപനമായ മഹാനവമി പൂജയും ആഘോഷവും ഇന്ന് നടക്കും. ദുർഗാഷ്ടമി ദിനമായ ഇന്നലെ ക്ഷേത്രങ്ങളിലെല്ലാം ദർശനത്തിന് തിരക്കായിരുന്നു. നാളെ പൂജയെടുപ്പും തുടർന്ന് കുട്ടികൾക്കുള്ള വിദ്യാരംഭ ചടങ്ങുകളുമായി വിജയദശമി ആഘോഷിക്കും.

രഥോത്സവത്തിൻ്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ ഭക്തജന പ്രവാഹമാണ്. നാളെ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.

നവരാത്രി ആഘോഷങ്ങളിലെ ഒൻപതാമത്തെ ദിവസമാണ് മഹാനവമി. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയാണ് ഈ ദിവസം ഓർമിപ്പിക്കുന്നത്. ദുർഗാ ദേവി മഹിഷാസുരനെ വധിച്ചതിൻ്റെ കഥയുമായാണ് മഹാനവമി ബന്ധപ്പെട്ടിരിക്കുന്നത്.

ശക്തിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്ന ഈ ദിനം രാജ്യത്തുടനീളം അതീവ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. കേരളത്തിൽ മഹാനവമി സരസ്വതി പൂജയുടെയും ആയുധ പൂജയുടെയും ദിനമായാണ് പ്രധാനമായും കണക്കാക്കുന്നത്.

SCROLL FOR NEXT