പ്രധാന പ്രതി റംസി Source: News Malayalam 24x7
KERALA

വിഎസ്എസ്‌സിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രധാന പ്രതി റംസിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

ബ്യൂട്ടിപാർലർ നടത്തിയിരുന്ന റംസി, വിഎസ്എസ്‌സിയിലെ മെക്കാനിക്കൽ എൻജിനീയറാണെന്ന് പറഞ്ഞ് അഞ്ജലിയിൽ നിന്നും ഒൻപത് ലക്ഷം രൂപ തട്ടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ (വിഎസ്എസ്‌സി) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന പ്രതി റംസിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. റംസി താമസിച്ചിരുന്ന വാടക വീട്ടിലും വ്യാജ സീലുകൾ നിർമിച്ച ആറ്റിങ്ങലിലെ സ്ഥാപനത്തിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരം സ്വദേശി അഞ്ജലിയുടെ പരാതിയിലാണ് റംസിയെ അറസ്റ്റ് ചെയ്തത്.

2024 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ഐഎസ്ആർഒയ്ക്ക് കീഴിലുള്ള തുമ്പ വിഎസ്എസ്‌സിയിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി ജോലി തരപ്പെടുത്തി നൽകാമെന്ന് വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബ്യൂട്ടിപാർലർ നടത്തിയിരുന്ന റംസി വിഎസ്എസ്‌സിയിലെ മെക്കാനിക്കൽ എൻജിനീയർ ആണെന്ന് പറഞ്ഞ് അഞ്ജലിയിൽ നിന്നും ഒൻപത് ലക്ഷം രൂപ തട്ടുകയായിരുന്നു.

ഡിഗ്രി യോഗ്യതയുള്ള അഞ്ജലി ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് മുഖ്യപ്രതി റംസിയെ പരിചയപ്പെട്ടത്. ഐഎസ്ആർഒയിൽ മെക്കാനിക്കൽ എഞ്ചിനീയറാണെന്ന് പറഞ്ഞ റംസി വിഎസ്എസ്‌സിയിൽ ജോലി തരപ്പെടുത്താൻ 9 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ റംസി കൈപ്പറ്റി. ബാക്കി തുക പല തവണകളായി അക്കൗണ്ടിലേക്കും വാങ്ങി. ഇതിനിടെ നാലാം പ്രതി വിഷ്ണുരാജ് ഐഎസ്ആർഒയിലെ സീനിയർ സയന്റിസ്റ്റ് സുരേഷ് മാത്യു എന്ന വേഷം കെട്ടി അഞ്ജലിയെ ബന്ധപ്പെട്ടു. മെഡിക്കൽ‌ പരിശോധന ഫലം ഹാജരാക്കാനും ആവശ്യപ്പെട്ടു. ഇതോടെ പ്രതികൾ അഞ്ജലിയുടെ വിശ്വാസം ആർജ്ജിച്ചു.

ഈ വർഷം ഫെബ്രുവരിയിൽ റംസിയും രണ്ടാം പ്രതി അജ്‌മലും പരാതിക്കാരിയുടെ വീട്ടിലെത്തി വ്യാജ നിയമന ഉത്തരവും നൽകി. സുരേഷ് മാത്യു ബന്ധപ്പെടുന്നത് വരെ നിയമന ഉത്തരവ് തുറന്നു നോക്കരുതെന്നും നിർദേശിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും അഞ്ജലിയെ ആരും ബന്ധപ്പെട്ടില്ല. അക്ഷമയായ പരാതിക്കാരി ഉത്തരവ് പരിശോധിക്കുകയും നിയമനവ് ഉത്തരവ് കണ്ടെത്തുകയും ചെയ്തു. പക്ഷേ അപ്പോഴും അഞ്ജലിയോട് കാത്തിരിക്കാൻ പ്രതികൾ ആവശ്യപ്പെട്ടു. അതിനിടെയിലാണ് റംസിയും മൂന്നാം പ്രതി മുരുകേശനും ജോലി വാഗ്ദാനം ചെയ്ത് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത വാർത്ത പരാതിക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടത്. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അഞ്ജലി, വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതികളിൽ നിന്ന് വ്യാജ നിയമന ഉത്തരവുകളും, ഐഡി കാർഡുകളും, വിഎസ്എസ്‌സി തുമ്പയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഐഎസ്ആർഒ എന്നിവയുടെ വ്യാജ സീലുകളും പൊലീസ് കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശികളായ നാലാം പ്രതി വിഷ്ണുരാജ് അഞ്ചാം പ്രതി സുരേഷ് ബാബു എന്നിവരാണ് ഇവ റംസിക്ക് ഇവ തരപ്പെടുത്തി നൽകിയത്. പ്രതികളിൽ നിന്നും ലാപ്ടോപ്പ്, മൊബൈൽ ഫോൺ, നിരവധി സിം കാർഡുകൾ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സമാന കുറ്റകൃ‍ത്യങ്ങളിൽ പ്രതികളായ ഇവർ മാസങ്ങളായി ഒളിവിലായിരുന്നു.

റംസിയെ കൂടാതെ ഭർത്താവ് ഓച്ചിറ സ്വദേശി അജ്‌മൽ, തിരുനെൽവേലി സ്വദേശി മുരുകേശൻ, ആറ്റിങ്ങൽ സ്വദേശികളായ വിഷ്ണുരാജ്, സുരേഷ് ബാബു എന്നിവരാണ് കഴിഞ്ഞദിവസം പൊലീസ് പിടിയിലായത്. തമിഴ്നാട് സ്വദേശികളായ 27 പേരിൽ നിന്നും പ്രതികൾ രണ്ടേകാൽ കോടിയോളം തട്ടിയെടുത്തിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ വീണ്ടും പത്തോളം പരാതികൾ ലഭിച്ചതായാണ് പൊലീസ് അറിയിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്.

SCROLL FOR NEXT