Source: News Malayalam 24x7
KERALA

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ നടന്നത് വൻ അട്ടിമറി; മൂല്യനിർണയം നടത്തിയത് 42 മാർക്കിന് മാത്രം

100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് നിയമങ്ങൾക്കായുള്ള പിഎസ്‌സി പരീക്ഷയിൽ മൂല്യനിര്‍ണയത്തില്‍ നടന്നത് വന്‍ അട്ടിമറി. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. 228 ഉദ്യോഗാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് വഴി. ചോദ്യപേപ്പറിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

അതിനിടെ പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ അടിയന്തര തീരുമാനമെടുക്കാൻ പിഎസ്‌സി ചെയർമാനും, കമ്മീഷൻ അംഗങ്ങളും ഇന്ന് നിർണായക യോഗം ചേരും. പിഎസ്‌സി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ചെയർമാൻ എം.ആർ. ബൈജു, ഓൺ സ്ക്രീൻ മാർക്കിങ്ങിലുണ്ടായ വീഴ്ചകൾ അംഗങ്ങളോട് വിശദീകരിക്കും. ശേഷമാകും തുടർനടപടികളില്‍ യോഗം തീരുമാനമെടുക്കുക. അതേസമയം ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്താൻ തീരുമാനമായിട്ടുണ്ട്.

ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ പ്രക്രിയ ക്രമവിരുദ്ധമെന്ന പരാതി സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ചീഫ് ഇൻഡസ്ട്രി & ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ തസ്തികകളെ കുറിച്ചായിരുന്നു ആരോപണം. പരീക്ഷയെഴുതിയ 228 ഉദ്യോഗാർഥികളുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയില്ല. ഓൺ സ്ക്രീൻ മാർക്കിങ്ങിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. ഉദ്യോഗാർഥികളുടെ മാർക്ക് ലിസ്റ്റ് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ചില്ല. ഉദ്യോഗാർഥികൾ അപേക്ഷിച്ചിട്ടും കഴിഞ്ഞ ഒരു വർഷമായി ഉത്തരക്കടലാസുകൾ കൈമാറിയില്ല. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് തന്നെ നിയമന ശുപാർശ നൽകി. സംഘടനാ നേതാവിന് ഒന്നാം റാങ്ക് നൽകാൻ അട്ടിമറി നടന്നെന്നും ഉദ്യോഗാർഥികൾ ആരോപണമുയർത്തിയിരുന്നു.

SCROLL FOR NEXT