തിരുവനന്തപുരം: മലബാർ എക്സ്പ്രസിൽ യാത്രക്കാരിക്ക് നേരെ അതിക്രമശ്രമം ഉണ്ടായപ്പോൾ റെയിൽവേ പൊലീസിൻ്റെ സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. റെയിൽവേ ഡിവിഷണൽ മാനേജർ, റെയിൽവേ പൊലീസ് സൂപ്രണ്ട്, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് അന്വേഷണ ചുമതല.
മൂന്നാഴ്ചക്കം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അറിയിച്ചു. പൊതുപ്രവർത്തകൻ പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. ട്രെയിനിനുള്ളിൽ അക്രമ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും റെയിൽവേ പൊലീസ് നോക്കുകുത്തിയായി മാറുകയാണെന്ന് പരാതിക്കാരനായ പൊതു പ്രവർത്തകൻ ചൂണ്ടിക്കാട്ടി.
ചിറയിന്‍കീഴില്‍നിന്നാണ് യുവതി കയറിയത്. യാത്രയ്ക്കിടെ ആറ്റിങ്ങൽ സ്വദേശി വിജേഷ് ഇവരോടു മോശമായി പെരുമാറി. ഇവര്‍ ബഹളം വച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും ഇയാളെ അവിടെനിന്ന് പറഞ്ഞുവിടുകയും ചെയ്തു.
തുടര്‍ന്ന് യുവതി പേട്ട റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി പുറത്തേക്കു വന്നപ്പോള്‍ വിജേഷ് പിന്നാലെയെത്തി വീണ്ടും മോശമായി സംസാരിക്കുകയായിരുന്നു. ശല്യം ചെയ്ത വിവരം പൊലീസിനോട് പറയുമെന്ന് പറഞ്ഞതോടെ പ്രകോപിതനായ വിജേഷ് യുവതിയെ മർദിച്ചു. ബോധരഹിതയായി നിലത്തുവീണ യുവതിയെ സംസഭവസ്ഥലത്ത് ഉണ്ടായവർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.