ഫാദിലയും പിതാവും  Source: News Malayalam 24x7
KERALA

EXCLUSIVE | "ആശങ്ക നിറഞ്ഞ ദിവസങ്ങളും, നീണ്ട യാത്രകളും തളർത്തി"; ഇറാനിൽ നിന്ന് പ്രത്യേക വിമാനത്തിലെത്തിയ ഏക മലയാളി വിദ്യാർഥിനി നാട്ടിലെത്തി

തെഹ്റാനിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് മലപ്പുറം മുടിക്കോട് സ്വദേശിനി ഫാദില കച്ചക്കാരൻ.

Author : ന്യൂസ് ഡെസ്ക്

ഇറാൻ- ഇസ്രയേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ നാട്ടിലെത്തി. സൗദിയിൽ സിവിൽ എഞ്ചിനീയറായ പിതാവ് മുഹമ്മദ് കച്ചക്കാരനൊപ്പമാണ് ഫാദില എത്തിയത്.

ആശങ്ക നിറഞ്ഞ ദിവസങ്ങളും, നീണ്ട യാത്രകളും അവശയാക്കിയെങ്കിലും, ഒടുവിൽ നാട്ടിലെത്തിയ ആശ്വാസത്തിലാണ് ഫാദില. നിരവധി മലയാളികൾ നാട്ടിലെത്താനുള്ള പരക്കം പാച്ചിലിലാണെന്ന് ഫാദില പറഞ്ഞു. തെഹ്റാനിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് മലപ്പുറം മുടിക്കോട് സ്വദേശിനി ഫാദില കച്ചക്കാരൻ.

ഇന്ത്യൻ എംബസി ഒപ്പമുണ്ടായാതിനാൽ വലിയ പ്രശ്നമുണ്ടായില്ല. അതുകൊണ്ട് തന്നെ ഞങ്ങൾ സേഫായിരുന്നുവെന്ന് ഫദില പറഞ്ഞു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർപഠനം ഓൺലൈനാകാനാണ് ചാൻസെന്നും അവർ കൂട്ടിച്ചേർത്തു. പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. അപ്പോൾ തന്നെ എല്ലാവരേയും വിവരം അറിയിച്ചുവെന്നും പിതാവ് മുഹമ്മദ് കച്ചക്കാരൻ പറഞ്ഞു.

എറെ പ്രതീക്ഷയോടെ, പ്രിയപ്പെട്ട രാജ്യത്ത് ഇഷ്ട വിഷയം പഠിക്കാൻ എത്തിയതാണ് ഫാദില. എന്നാൽ പൊടുന്നനെ ചുറ്റുപാടുകൾ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയതോടെ കടുത്ത ആശങ്കയിലായി. ഇനിയും മലയാളി വിദ്യാർഥികൾ ഇറാനിലുണ്ട്. എന്നാൽ കുടുംബമായി താമസിക്കുന്നവർ കുറവാണെന്ന് ഫാദില പറഞ്ഞു.

എംബസിയും, നോർക്കയുമടക്കം ഇന്ത്യാ ഗവൺമെൻ്റും, കേരള സർക്കാരും കാര്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും ഫാദില പറഞ്ഞു. കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെ ഇറാൻ സോഷ്യൽ മീഡിയ ആപ്പുകൾ ബാൻ ചെയ്തതോടെ ആശയ വിനിമയം അറ്റതോടെ കടുത്ത ആശങ്കയിലായെന്ന് മുഹമദും, ഫാദിലയും പറഞ്ഞു.

ഇറാൻ ഇസ്രയേൽ സംഘർഷം പ്രവാസി ലോകത്തിൽ ആകെ ആശങ്ക പരത്തുന്നുണ്ടെന്ന് മുഹമ്മദ് കച്ചക്കാരൻ പറഞ്ഞു. ഫാദിലയെ സ്വീകരിക്കാൻ പിതാവ് സൗദിയിൽ നിന്ന് ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടായിരുന്നു. ഇവിടെ നിന്നാണ് ഇവർ കൊച്ചിയിലേക്ക് എത്തിയത്. ഇറാനിൽ നിന്നും 1,117 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം 290 ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലെത്തിയിരുന്നു.

SCROLL FOR NEXT