കൊതുകിന്റെ കടിയേല്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷേ, എല്ലാ കൊതുകുകളും ചോര കുടിക്കുന്നവയല്ല. പെണ്‍കൊതുകുകള്‍ മാത്രമാണ് ചോര കുടിക്കുന്നത്. ആണ്‍കൊതുകുകള്‍ മനുഷ്യരെയും മൃഗങ്ങളെയും കടിക്കാറില്ല. അവ പൂക്കളിലെ തേന്‍, സസ്യങ്ങളുടെ നീര്, വെള്ളം എന്നിവയൊക്കെയാണ് ഭക്ഷണമാക്കുന്നത്. ഇത്തരത്തില്‍ മനുഷ്യനെയും മൃഗങ്ങളെയും കടിക്കാത്ത, രോഗം പരത്താത്ത പാവം പിടിച്ചൊരു കൊതുകുവിഭാഗത്തെ നമ്മുടെ നാട്ടിലും കണ്ടെത്തിയിട്ടുണ്ട്.
കാസർഗോഡ് പടന്ന കടപ്പുറത്താണ് 'മലയ ജെന്യുറോസ്ട്രിസ്' കൊതുകുകളെ കണ്ടെത്തിയിരിക്കുന്നത്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എൻഡമോളജി സംഘമാണ് അപൂര്‍വ വിഭാഗത്തിലുള്ള കൊതുകുകളെ കണ്ടെത്തിയത്. വലിയപറമ്പ് പഞ്ചായത്തിലെ പടന്ന കടപ്പുറത്ത് കഴിഞ്ഞ ജൂലൈ ഒമ്പതിന് നടത്തിയ സർവേയിലാണ് മലയ ജെന്യുറോസ്ട്രിസ് സ്പീഷിസിനെ തിരിച്ചറിഞ്ഞത്. വെള്ളി, വയലറ്റ്, ഇളംനീല നിറത്തിൽ മിനുമിനുത്ത ശൽക്കങ്ങളോടുകൂടിയതാണ് ഈ കൊതുക്. ജില്ലാ മലേറിയ ഓഫീസർ കെ.വി. ഗീരീഷ്, ബയോളജിസ്റ്റ് പ്രസൻലാൽ, ഹെൽത്ത് സൂപ്പർവൈസർ വി.വി. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് സർവേ നടത്തിയത് .
സാധാരണ കൊതുകുകളിൽനിന്ന് വ്യത്യസ്തമാണ് ഇവയുടെ ജീവിതം. സാധാരണ കൊതുകുകളുടേതുപോലെ നേരേ നീണ്ടതല്ല തുമ്പിക്കൈ. അഗ്രഭാഗം വീർത്തതും മുകളിലേക്ക് വളഞ്ഞുമാണ് ഘടന. കാണാന്‍ ആകർഷകമായ ഈ കൊതുകുകൾ ഉറുമ്പുകളുടെ ശത്രുവാണ്. ഉറുമ്പുകൾ ശേഖരിച്ച മധുരമുള്ള ദ്രാവകം അതിൻ്റെ വായില്‍ നിന്ന് ചോർത്തിയെടുത്താണ് ഇവ ഭക്ഷിക്കുന്നത്. തുമ്പിക്കൈയുടെ അറ്റത്തെ പ്രത്യേക ഭാഗം കൊണ്ടാണ് ഉറുമ്പുകളിൽനിന്ന് ഭക്ഷണം ചോർത്തുക.
മരപ്പൊത്തുകളിലും മുളയുടെ സുഷിരങ്ങളിലും ഇലകളുടെ ഇടയിലും തങ്ങിയ വെള്ളത്തിലാണ് മുട്ടയിട്ട് ഇവ വളരുക.1908ൽ ഇംഗ്ലീഷുകാരനായ ഡോ. ഡാനിയേൽസാണ് മലേഷ്യയില്‍ വ്യത്യസ്ത വിഭാഗത്തിലുള്ള കൊതുകിനെ കണ്ടെത്തുന്നത്. അതിനെ കുപ്പിയിലാക്കി അദ്ദേഹം തന്റെ സുഹൃത്തും ഗവേഷകനുമായ ഡോ. ജി.എഫ്. ലൈസസ്റ്റർക്ക് കൈമാറി, അതിന് മലയ ജെന്യുറോസ്ട്രിസ് എന്നു പേരുമിട്ടു. പില്‍ക്കാലത്ത് മലയ ജനുസില്‍പ്പെട്ട 11 സ്പീഷിസുകളെ കൂടി കണ്ടെത്തിയിരുന്നു. 1938ലാണ് കേരളത്തില്‍ കണ്ടെത്തുന്നത്. ഇന്ത്യയില്‍ രണ്ട് സ്പീഷിസുകളുണ്ട്.