നടൻ ശ്രീനിവാസൻ Source: X
KERALA

അഭ്രപാളിയിലെ ജീനിയസ്; ശ്രീനിവാസന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസൻ (69) ഇനി ഓർമ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും അടയാളം പതിപ്പിച്ച പ്രതിഭയാണ് വിടവാങ്ങിയത്. വിവിധ രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

1956 ഏപ്രിൽ ആറിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. അധ്യാപകനായിരുന്നു ശ്രീനിവാസന്റെ അച്ഛൻ പടിയത്ത് ഉണ്ണി. അമ്മ ലക്ഷ്മി. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശി രാജ, എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ അതിനു ശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ചെന്നൈയിലെ പഠനകാലത്ത് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തും ശ്രീനിവാസനും സഹപാഠികളായിരുന്നു.

പി.എ. ബക്കറിന്റെ 'മണിമുഴക്കം' ആയിരുന്നു ആദ്യ സിനിമ. 'ഓടരുതമ്മാവാ ആളറിയാം' (1984) എന്ന പ്രിയദർശന്‍ ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിരുന്നു. എട്ട് ചിത്രങ്ങളില്‍ പല നടന്മാർക്ക് ശബ്ദം നൽകി. മമ്മൂട്ടി ശ്രദ്ധേയ വേഷത്തിലെത്തിയ ആദ്യ ചിത്രം, കെ.ജി. ജോർജിന്റെ 'മേള'യില്‍ അദ്ദേഹത്തിന് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. ശ്രീധരന്‍ ചമ്പാടിന്റെ മേളയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നതിലും ശ്രീനിവാസന്‍ പങ്കാളിയായിരുന്നു. മമ്മൂട്ടിയുടെ ആദ്യ ചിത്രമായ 'വിൽക്കാനുണ്ട് സ്വപ്നങ്ങളി'ലെ രണ്ടുവരി ഡയലോഗ് ഡബ്ബ് ചെയ്തതും മറ്റാരുമല്ല.

മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്ത 'വടക്കുനോക്കിയന്ത്ര'ത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. കഥപറയുമ്പോൾ, തകരച്ചെണ്ട, ഉദയനാണ് താരം, ചിന്താവിഷ്ടയായ ശ്യാമള, മഴയെത്തും മുൻപെ, സന്ദേശം, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും 'ചിന്താവിഷ്ടയായ ശ്യാമള'ക്ക് 1998 ലെ മികച്ച സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

മുഖ്യധാരയിലൂടെ സഞ്ചരിക്കുമ്പോഴും കലാമേന്മയുടെ സമാന്തരലോകത്തും ശ്രീനിവാസൻ എന്നുമുണ്ടായിരുന്നു. അരവിന്ദന്റെ 'ചിതംബരം' അതിന് ഉത്തമ ഉദാഹരണമാണ്. 'സന്ദേശം' പുറത്തുവന്നപ്പോൾ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ശ്രീനിവാസന്‍ അരാഷ്ട്രീയവാദിയാണെന്ന് ആരോപിച്ചു. സ്വയം കണ്ടെത്തുന്ന ന്യായങ്ങളായിരുന്നു എന്നും ശ്രീനിവാസന്റെ ശരി.ആരൊക്കെ പിന്തുണയ്ക്കുന്നു എന്നുപോലും നോക്കാത്ത ആ താൻപോരിമയുടെ കൂടി പേരാണ് ശ്രീനിവാസൻ. സിനിമയിലും ജീവിതത്തിലും നിന്ന് മലയാളിത്തം നഷ്ടമാകരുതെന്ന് ഓർമിപ്പിക്കുകയായിരുന്നു ശ്രീനിവാസന്റെ ഓരോ തിരക്കഥകളും ഫ്രെയിമുകളും.

ഭാര്യ: വിമല. ചലച്ചിത്ര താരങ്ങളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് മക്കൾ.

SCROLL FOR NEXT