ബാലു  NEWS MALAYALAM 24x7
KERALA

ലെഫ്റ്റനന്റ് പദവിക്കായുള്ള പരിശീലനം തുടങ്ങിയത് നാല് മാസം മുമ്പ്; ഡെറാഡൂണില്‍ മരിച്ച സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

നാല് മാസം മുമ്പാണ് ട്രെയിനിങ്ങിനായി ബാലു ഡെറാഡൂണിലേക്ക് പോയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡെറാഡൂണിലെ സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ മലയാളി ജവാന്‍ മരിച്ചനിലയില്‍. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.

ജയ്പൂരിലെ ഹവില്‍ദാറായിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്കു വേണ്ടിയുള്ള ഫിസിക്കല്‍ ട്രെയിനിങ്ങിടെയാണ് ദാരുണ സംഭവമുണ്ടായത്. നാല് മാസം മുമ്പാണ് ട്രെയിനിങ്ങിനായി ബാലു ഡെറാഡൂണിലേക്ക് പോയത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ നീന്തല്‍ കുളത്തില്‍ നിന്ന് കയറിയപ്പോഴും ബാലു കുളത്തില്‍ തന്നെ തുടരുകയായിരുന്നു. പിന്നീട് രണ്ട് മണിക്കൂറിനു ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം എന്താണെന്ന് വ്യക്തമാകൂ.

പതിമൂന്ന് വര്‍ഷമായി ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു ബാലു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കും. പാപ്പനംകോട് നിര്‍മാണം നടക്കുന്ന വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

SCROLL FOR NEXT