തിരുവനന്തപുരം: സിഎസ്ഐ വൈദികൻ്റെ അറസ്റ്റ് സംഭവിക്കാൻ പാടില്ലാത്തത് എന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രിസ്തീയ വിശ്വാസങ്ങൾക്കും വൈദികർക്കും എതിരായി നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുന്നു. ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുതെന്നും, അതിൽ ആശങ്കയുണ്ടെന്നും ബാവ പറഞ്ഞു.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ ആരാധന നടത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങൾ എന്ന ഭൂരിപക്ഷങ്ങൾ എന്നല്ലാതെ എല്ലാവർക്കും ഒരേ പോലെയുള്ള അവകാശമാണ് ഭരണഘടന നൽകുന്നത്. അതിന് വിപരീതമായി പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമാണെന്നും കാതോലിക്ക ബാവ വ്യക്തമാക്കി.
ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ നൽകുന്ന ഏത് ഭരണധികാരി ആയാലും അംഗീകരിക്കില്ല. ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കണം. ഒരു മതവും മറ്റൊരു മതത്തെ നിഗ്രഹിക്കരുത്. ഈ വിഷയങ്ങളിൽ ശക്തമായ രീതിയിൽ ക്രിസ്തീയ സമൂഹത്തിൻ്റെ പ്രതികരണം ഉണ്ടാകും. അത് പ്രാർഥനയോടെ ആകും അല്ലാതെയും ആകും. വലിയ ആശങ്കയോട് കൂടിയാണ് ഇത്തരത്തിൽ ആവർത്തിക്കുന്ന സംഭവങ്ങളെ സഭ കാണുന്നതെന്നും കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിൽ ക്രിസ്മസ് പ്രാർഥനാ യോഗത്തിൽ പങ്കെടുക്കവെയായിരുന്നു മലയാളി വൈദികനെയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയും രണ്ട് പ്രാദേശിക വൈദികരെയും ഭാര്യമാരേയും ബേനോഡ പൊലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചന.