KERALA

നാസ സ്പേസ് ആപ്സ് ചലഞ്ചിന്റെ ലോകത്തിലെ ഏറ്റവും വലിയ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ് യുണീക്ക് വേൾഡ് റോബോട്ടിക്സ്

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യൂആര്‍

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നാസ സ്‌പേസ് ആപ്‌സ് ചലഞ്ച് 2025ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ടെക്നോളജി സ്റ്റാർട്ടപ്പായ യുണീക്ക് വേൾഡ് റോബോട്ടിക്‌സാണ് ആപ്‌സ് ചലഞ്ച് 2025ന്റെ സംഘാടകരായത്. ബഹിരാകാശ-ഭൗമശാസ്ത്ര നൂതനാശയങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോണാണ് നാസ സ്‌പേസ് ആപ്‌സ് ചലഞ്ച്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യൂആര്‍.

ഈ വർഷം ഇന്ത്യ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലായി 22 പ്രാദേശിക ഇവന്റുകളാണ് യുഡബ്ല്യൂആര്‍ സംഘടിപ്പിച്ചത്. ഇതിൽ ഇന്ത്യയിൽ നടന്ന 16 പരിപാടികളില്‍ കേരളത്തിലെ എട്ടെണ്ണവും ഉൾപ്പെടുന്നു. യുഡബ്ല്യൂആര്‍ സംഘടിപ്പിച്ച കേന്ദ്രങ്ങളിൽ നിന്ന് മാത്രം 15,308 രജിസ്‌ട്രേഷനുകളും 2,276 ടീമുകളും 1,200-ലധികം പ്രോജക്റ്റുകളും സമര്‍പ്പിച്ചു. ആഗോളതലത്തിൽ ആകെ 1,14,094 രജിസ്‌ട്രേഷനുകളും 16,860 ടീമുകളും ഉണ്ടായപ്പോൾ, അതിൽ 13.42 ശതമാനം രജിസ്‌ട്രേഷനുകളും 13.5 ശതമാനം ടീമുകളും യുഡബ്ല്യൂആര്‍ വഴിയാണെന്നത് ശ്രദ്ധേയമായ നേട്ടമാണെന്ന് കമ്പനി സ്ഥാപകൻ ബാൻസൺ തോമസ് ജോർജ്ജ് പറഞ്ഞു. സ്റ്റോറിടെല്ലിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ആസ്‌ട്രോഫിസിക്‌സ്, കൃഷി, ബഹിരാകാശ പര്യവേഷണം തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു മത്സരങ്ങൾ.

ചരിത്രത്തിലാദ്യമായി, ലോകമെമ്പാടുമുള്ള 16,860 ടീമുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 45 ഗ്ലോബൽ ഫൈനലിസ്റ്റുകളിൽ കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ ഇടംനേടി. കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ അഞ്ച് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളടങ്ങുന്ന 'ടീം മെറ്റിയോർ റിസ്‌ലേഴ്‌സ്', കാഞ്ഞിരപ്പള്ളിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ ആറ് വിദ്യാർത്ഥികളടങ്ങുന്ന 'ടീം സെലസ്റ്റ' (Team Celesta) എന്നിവയാണ് ഈ നേട്ടം കൈവരിച്ചത്. തൃശൂരിൽ വെച്ച് 2023-ൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രാദേശിക ഇവന്റ് സംഘടിപ്പിച്ചുകൊണ്ടാണ് യുണീക്ക് വേൾഡ് റോബോട്ടിക്സ് നാസ സ്പേസ് ആപ്സ് ചലഞ്ചിന് തുടക്കം കുറിച്ചത്. 2023-ലും 2024-ലും തുടർച്ചയായി ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക ഇവന്റ് സംഘടിപ്പിക്കാൻ യുഡബ്ല്യുആറിന് സാധിച്ചു.

കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം), കെ-സ്പേസ്, കേരള സ്പേസ് പാർക്ക്, ഐഇഡിസി, അസാപ്, കെഎസ് സിഎസ് ടിഇ, കെ-ഡിസ്ക്, ആസ്ട്രോ കേരള, മ്യൂലേൺ, ആല്‍ഗോണ്‍,എഡിസി തുടങ്ങിയ പ്രമുഖ സർക്കാർ, സ്വകാര്യ പങ്കാളികളുമായി സഹകരിച്ചാണ് 2025 പതിപ്പ് സംഘടിപ്പിച്ചത്. കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, ട്രിവാൻഡ്രം ഡിസി സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി, തൃശൂർ ജ്യോതി എൻജിനീയറിങ് കോളേജ്, കണ്ണൂർ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ എസ്എൻഎസ് കോളേജ് ഓഫ് ടെക്നോളജി തുടങ്ങിയവയായിരുന്നു പ്രധാന വേദികൾ.

കൗതുകത്തെ അവസരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുണീക്ക് വേൾഡ് റോബോട്ടിക്സ് ആരംഭിച്ചതെന്ന് ബാന്‍സണ്‍ തോമസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രതിഭകളെ അന്താരാഷ്ട്ര ബഹിരാകാശ മേഖലയുമായി ബന്ധിപ്പിക്കുന്നതിനാണ് നാസ സ്പേസ് ആപ്സ് ചലഞ്ച് കേരളത്തിലെത്തിച്ചത്. ഈ പദ്ധതിയില്‍ 2022-ൽ 150-ൽ താഴെ പങ്കാളികൾ മാത്രമാണ് കേരളത്തില്‍ നിന്നുണ്ടായിരുന്നത്. ഇന്ന് ആഗോള പങ്കാളിത്തത്തിന്റെ 13 ശതമാനത്തിലധികം കേരളത്തിൽ നിന്നാണെന്നത് അഭിമാനകരമാണ്. ഓരോ വർഷവും 10,000-ത്തിലധികം പേർ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വരുംതലമുറയെ ആഗോള ബഹിരാകാശ ആവാസവ്യവസ്ഥയുമായി ആത്മവിശ്വാസത്തോടെ ഇടപെടാന്‍ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തിന് ഈ നേട്ടം ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT