KERALA

നഗ്ന ദൃശ്യങ്ങൾ വിൽക്കുന്ന വമ്പന്‍ റാക്കറ്റ് സജീവം; വില്‍പ്പന മലയാളികള്‍ അഡ്മിന്‍മാരായ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി

ബാക്കപ്പ് ഉണ്ടെന്നും ബാൻ ആകുമെന്ന പേടി വേണ്ടെന്നും വാഗ്ദാനം ചെയ്ത് 200 മുതൽ 500 രൂപ വരെ വിലയിട്ടാണ് നഗ്നദൃശ്യങ്ങളുടെ വില്‍പ്പന

Author : ന്യൂസ് ഡെസ്ക്

തൃക്കാക്കര മോർഫിങ് കേസിനു ശേഷവും നഗ്ന ദൃശ്യങ്ങൾ വിൽക്കുന്ന റാക്കറ്റ് സംസ്ഥാനത്ത് സജീവം. ടെലഗ്രാം ഗ്രൂപ്പുകൾ 200 മുതൽ 500 രൂപ വരെ നിരക്കിലാണ് നഗ്നദൃശ്യങ്ങൾ വിൽക്കുന്നത്. തൃക്കാക്കര കേസിലെ മല്ലു പ്രീമിയം ഗ്രൂപ്പ് വീണ്ടെടുക്കാൻ പൊലീസ് ശ്രമം ഊർജിതമാക്കി.

തൃക്കാക്കര മോർഫിങ് കേസിനു ശേഷം നഗ്ന ദൃശ്യങ്ങൾ വിൽക്കുന്ന പല ഗ്രൂപ്പുകളും അപ്രത്യക്ഷമായി എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ ടെലഗ്രാമുകളിൽ മോർഫിങ് ചെയ്ത് നഗ്ന ദൃശ്യങ്ങൾ വിൽക്കുന്ന ഗ്രൂപ്പുകൾ ഇപ്പോഴും സജീവമാണ്. സാമ്പിൾ ചിത്രങ്ങൾ നൽകി പ്രീമിയം ഗ്രൂപ്പിലേക്ക് ആളുകളെ ചേർക്കുന്ന പ്രമോഷൻ ഗ്രൂപ്പിന്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ബാക്കപ്പ് ഉണ്ടെന്നും ബാൻ ആകും എന്ന പേടി വേണ്ടെന്നും വാഗ്ദാനം ചെയ്ത് 200 മുതൽ 500 രൂപ വരെ വിലയിട്ടാണ് നഗ്നദൃശ്യങ്ങളുടെ വില്‍പ്പന. ഇവയെല്ലാം മോർഫ് ചെയ്ത ദൃശ്യങ്ങളാണ്. ലൈഫ് ടൈം മെമ്പർഷിപ്പ് ആണെന്ന് വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിൻ മലയാളികളാണ്.

തൃക്കാക്കരയിലെ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച മല്ലു ഗ്രൂപ്പ് വീണ്ടെടുക്കാൻ പ്രത്യേക അന്വേഷണ സംഘം ശ്രമം തുടങ്ങി. കേസിലെ രണ്ടാം പ്രതിയായ സനീഷ് ആണ് ഈ ഗ്രൂപ്പ് ആരംഭിച്ചത്. ശ്രീഹരി അറസ്റ്റിൽ ആയതോടെ സനീഷ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പണം നൽകി ദൃശ്യങ്ങൾ വാങ്ങിയവരുടെയും ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നവരുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ദൃശ്യങ്ങൾ വിലയ്ക്കുവാങ്ങിയവരെയും കേസിൽ പ്രതി ചേർക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

SCROLL FOR NEXT