പൊന്നോണ നിറവിൽ മലയാളം. ആഘോഷത്തിമിർപ്പിലാണ് നാടും നഗരവും. വീടുകളിൽ സദ്യവട്ടത്തിന്റെ ഒരുക്കങ്ങൾ. പുത്തുനുടുപ്പണിഞ്ഞ് പൂക്കളമൊരുക്കി ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷത്തിലാണ് മലയാളികള്‍. സമത്വവും സമൃദ്ധിയുമൊക്കെ ചേര്‍ത്തുപിടിച്ച്, വേര്‍തിരിവിന്റെ വേലികെട്ടില്ലാതെ സകലരും ഒരുപോലെ ആ ആഘോഷങ്ങളില്‍ പങ്കുചേരുന്നു. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും കൂടി നാളുകള്‍. കള്ളവും ചതിയുമില്ലാതെ, മാനവരെല്ലാം ഒരുപോലെ കഴിഞ്ഞിരുന്ന മാവേലിക്കാലത്തെ ഓര്‍മപ്പെടുത്തുന്നുണ്ട് ഓണം.
സംസ്ഥാനത്ത് പലതരത്തിലാണ് ഓണം ആഘോഷങ്ങള്‍. ക്ലബ്ബുകളും, റെസിഡന്റ്സ് അസോസിയേഷനുകളും തുടങ്ങി, തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരുമൊക്കെ പലവിധ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ക്ലബ്ബുകളും സാംസ്കാരിക സംഘടനകളുമൊക്കെ ചേര്‍ന്നാണ് ആഘോഷം. പഴയകാല ഓണക്കളികളും, പരമ്പരാഗത രീതിയിലുള്ള ഓണാഘോഷവുമൊക്കെ അവിടെ കാണാം. നഗരത്തിലെത്തുമ്പോള്‍ ആഘോഷത്തിന്റെ രീതി മാറുന്നുണ്ടെങ്കിലും സന്തോഷത്തിനും ആരവങ്ങള്‍ക്കും ഒട്ടും കുറവുണ്ടാകുന്നില്ല. നാട്ടിലും മറുനാട്ടിലും മറ്റു രാജ്യങ്ങളിലുമെല്ലാം പലതരത്തില്‍, രീതിയില്‍ ഓണം ആഘോഷിക്കപ്പെടുന്നു.
ഓണം മലയാളിക്ക് ആഘോഷം മാത്രമല്ല, ആചാരങ്ങളും കൂടി ഒത്തു ചേർന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ആറന്മുളക്ഷേത്രത്തിലേക്കുള്ള തിരുവോണത്തോണിയുടെ വരവ്. ആറന്മുള പാർത്ഥസാരഥിക്കുള്ള ഓണ വിഭവങ്ങളുമായാണ് തിരുവോണത്തോണി എത്തിയത്. പള്ളിയോടസേവാസംഘവും വിവിധ കരനാഥന്മാരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്നാണ് അത് സ്വീകരിച്ചത്.
തിരുവോണ ദിനത്തില്‍ ക്ഷേത്രങ്ങളിലും ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ണനെ കാണാൻ ഗുരുവായൂരിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഇന്ന് വിശേഷാൽ കാഴ്‌ച ശീവേലിയും മേളവും ഉണ്ടാകും. പുലർച്ചെ നാലരയ്ക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിച്ചു. പതിനായിരം പേർക്ക് പ്രത്യേക പ്രസാദ ഊട്ടുമുണ്ട്.
ആഘോഷങ്ങൾക്കും ആചാരങ്ങള്‍ക്കുമപ്പുറം ഓണം നമുക്ക് കാര്‍ഷികോത്സവം കൂടിയാണ്. കാർമേഘം മൂടി കിടന്ന കര്‍ക്കടകത്തിന് പിന്നാലെ വിളവെടുപ്പിന്റെ ഉത്സവവുമായി എത്തുന്ന മാസമായത് കൊണ്ട് കൂടിയാണ് ചിങ്ങം മലയാളികള്‍ക്ക് വര്‍ഷാരംഭവും സമൃദ്ധവുമായിത്തീര്‍ന്നത്. ഓണത്തെ ഉത്സവമാക്കാനുള്ളതെല്ലാം കരുതിയാണ് ചിങ്ങത്തിന്റെ വരവ്.
പഴയകാലത്തെ കാര്‍ഷിക സമൃദ്ധിയുടെ ഓർമകളിൽ നിന്ന് കൊണ്ടാണ് ചിങ്ങം ഒന്ന് നമ്മൾ കർഷക ദിനമായി ആചരിക്കുന്നത്. മേടവും ചിങ്ങവും കാര്‍ഷിക സമൃദ്ധിയുടെ രണ്ട് മാസങ്ങളാണ്. മേടപ്പത്തിനാണു പുതിയ തൈകൾ വെച്ച് കൃഷി ആരംഭിക്കുന്നത്. തുടര്‍ന്ന് ചിങ്ങത്തില്‍ ധാന്യങ്ങളുടെയും ദീര്‍ഘകാല കൃഷികളുടെയും വിളവെടുപ്പ് നടത്തും. ഏപ്രിലില്‍ തുടങ്ങുന്ന വിരിപ്പ് കൃഷിയുടെയും കൊയ്ത്തു കാലവും. വര്‍ഷ ഋതു കഴിയുന്നതിന്റെ പ്രാധാന്യവും ചിങ്ങത്തിനുണ്ട്.
അശ്വതി ഞാറ്റുവേലയില്‍ തുടങ്ങി മകം ഞാറ്റുവേലയില്‍ അവസാനിക്കുന്ന ഒരു കൃഷിക്കാലം. തെളിഞ്ഞ വെയില്‍ കിട്ടിത്തുടങ്ങുന്ന കാലമായിരുന്നു ചിങ്ങത്തിലുള്ളത്. കളികളും, ആഘോഷങ്ങളും തീര്‍ത്ത്, വയറു നിറച്ചുണ്ട് തൃപ്തിയായി അടുത്ത കാര്‍ഷിക കര്‍മ്മ പദ്ധതിയിലേക്ക് ഇറങ്ങാനുള്ള കാലം. ചിങ്ങത്തിലെ പുതുവത്സരം ചിട്ടയായി ക്രമപ്പെടുത്തേണ്ടതിന്റെ മുന്നോടിയായാണ് അത്തപത്തിനെ കണക്കാക്കുന്നത്. മഴയ്ക്കിടയില്‍ കരുപ്പിടിപ്പിച്ച് എടുത്ത ധാന്യം വിത്തായും അരിയായും സൂക്ഷിക്കണം.
അറയും പത്തായവും നിറയ്ക്കും കാലം. കര്‍ക്കടക മഴ വെള്ളം കൊണ്ട് ഭൂമി നിറച്ച ശേഷമാണ് ചിങ്ങമെത്തുന്നത്. ഒഴുക്കു വെള്ളം എക്കല്‍ കൊണ്ടുവന്ന് കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കും. പിന്നെ വേറെ വള പ്രയോഗങ്ങള്‍ പണ്ട് ഉണ്ടായിരുന്നില്ല. പുരുഷനും സ്ത്രീയും ഒരുമിച്ച് അധ്വാനിച്ച കാലമായിരുന്നു അത്.
ഓണകാലത്ത് പറമ്പും പാടവും വീടും തൊഴുത്തുമെല്ലാം വൃത്തിയാക്കും. പരാധീനതകളുടെ കര്‍ക്കടകം കഴിഞ്ഞുള്ള പ്രതീക്ഷയുടെ പുലരികളാണ് ഓണക്കാലം. ഈ സമയം ജലം ഒഴുകി പരന്ന് കൊയ്ത്ത് കഴിഞ്ഞ വയലുകളെ സമ്പുഷ്ടമാക്കും. കാര്‍ഷിക സംസ്‌കൃതിയുടെ നല്ല സ്മരണകള്‍ ഉണർത്തുന്ന നല്ല കാലവുമാണ് നമുക്ക് ഓണക്കാലം.