Source: News Malayalam 24x7
KERALA

വിഷുക്കാലം വർണാഭമാക്കാൻ മലയാളികൾ; വിസ്മയം തീർക്കാൻ സജ്ജമായി പടക്കവിപണി

ശബ്ദത്തേക്കാൾ ഉപരി കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്ന 'ഏരിയൽ ഡിസ്‌പ്ലേ' പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെ...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വിഷു ആഘോഷങ്ങൾക്കായി മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. വിഷു അടുത്തെത്തിയതോടെ വാനിൽ വർണവിസ്മയം തീർക്കാൻ പടക്കവിപണിയും ഒരുങ്ങിക്കഴിഞ്ഞു. വൈവിധ്യമാർന്ന പുതിയ ഇനം പടക്കങ്ങൾ ഇത്തവണ വിപണിയെ കൂടുതൽ ആകർഷകമാക്കുന്നു.

ഒരു പുത്തൻ വിഷുക്കാലത്തിന് ഉണർവേകാൻ ശബ്ദത്തേക്കാൾ കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്ന വർണാഭമായ പടക്കങ്ങളാണ് ഇത്തവണ വിപണിയിൽ എത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. മാർച്ച്‌ തുടക്കം മുതലേ വിപണികൾ സജീവമായിരുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കടകൾ അടച്ചിട്ടെങ്കിലും വോട്ടിംഗ് കഴിഞ്ഞതോടെ വിപണികളിൽ തിരക്ക് കൂടിയിട്ടുണ്ട്. ഓരോ വർഷവും പടക്കങ്ങളിൽ പുത്തൻ പരീക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. ശബ്ദത്തേക്കാൾ ഉപരി കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്ന 'ഏരിയൽ ഡിസ്‌പ്ലേ' പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. കുട്ടികൾക്കായി പ്രത്യേക കാർട്ടൂൺ പടക്കങ്ങളും, ശബ്ദം കുറഞ്ഞതും എന്നാൽ വർണങ്ങൾ വാരിവിതറുന്നതുമായ മൾട്ടി കളർ ഷോകളും വിപണിയിൽ നിരന്നു കഴിഞ്ഞു.

ഗ്രീൻ ക്രാക്കറുകൾ എന്നറിയപ്പെടുന്ന പരിസ്ഥിതി സൗഹൃദ പടക്കങ്ങൾക്കും ഇത്തവണ ആവശ്യക്കാരുണ്ട്. ശബ്ദഘോഷങ്ങളേക്കാൾ നിറങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു വിഷുക്കാലമാണ് ഇത്തവണ മലയാളി കാത്തിരിക്കുന്നത്. പുത്തൻ പ്രതീക്ഷകളുമായി മലയാളി, പടക്ക വിപണിയിൽ സജീവമാകുമ്പോൾ ഈ വിഷുക്കാലം വർണാഭമാകുമെന്ന് ഉറപ്പാണ്.

SCROLL FOR NEXT