തിരുവനന്തപുരം: കേരളത്തെ ഈ നിലയിൽ എത്തിച്ചത് നമ്മുടെ സാമൂഹിക ബോധമെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മുക്തമായത് അതിദാരിദ്ര്യത്തിൽ നിന്ന് മാത്രം ദാരിദ്ര്യം ഇപ്പോഴും ബാക്കി. ദാരിദ്ര്യം തുടച്ചുമാറ്റാൻ ഭരണസംവിധാനത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും മമ്മൂട്ടി. കേരളം പലതും ഒറ്റക്കെട്ടായി അതിജീവിച്ചുവെന്നും അതിദാരിദ്ര്യ മുക്ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ വിശിഷ്ഠാതിഥിയായെത്തിയ മമ്മൂട്ടി.
മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. കേരളം തന്നേക്കാൾ ചെറുപ്പമാണെന്നും അഞ്ചെട്ട് മാസത്തിന് ശേഷം കേരളപ്പിറവി ദിനത്തിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നതിൽ സന്തോഷമുണ്ട്. ഇത്രയും മാസത്തിന് ശേഷം കേരളത്തിലെത്തുമ്പോൾ നാട്ടിൽ കാണുന്നത് വലിയ വികസനമെന്നും മമ്മൂട്ടി.
ദാരിദ്ര്യം തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ തൻ്റെ അറിവിൽ ഇല്ലെന്നും കേരളം പലതിനും മാതൃകയാണെന്നും മമ്മൂട്ടി ചടങ്ങിൽ പറഞ്ഞു. ദാരിദ്ര്യം തുടച്ചുനീക്കാനും അതിജീവിക്കാനും തോളോട് തോൾ ചേർന്ന് സാഹോദര്യത്തോടെ പ്രവർത്തിക്കാം. കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങളുണ്ടെങ്കിലും, വിശക്കുന്ന വയറിന് മുന്നിൽ അതിന് വിലയില്ല. ആ വയറുകൾ കൂടി കണ്ടാണ് വികസനങ്ങൾ പൂർത്തീകരിക്കേണ്ടത്. ഇന്ന് പ്രഖ്യാപിക്കപ്പെട്ട സന്തോഷം അതിൻ്റെ മാതൃകയും ആരംഭവുമാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കി പ്രഖ്യാപിച്ച വേദിയിലായിരുന്നു മമ്മൂട്ടി സംസാരിച്ചത്.
പദ്ധതിയുടെ സ്റ്റാറ്റസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ഠാതിഥിയായ മമ്മൂട്ടിക്ക് കൈമാറി. സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ചരിത്ര പ്രഖ്യാപനം നടത്തിയത്. കേരളത്തിൻ്റെ ചരിത്രപുസ്തകത്തിൽ പുതിയ അധ്യായമാണ് നടന്നിരിക്കുന്നത്. ചടങ്ങിൽ മമ്മൂട്ടി എത്തിച്ചേർന്നതിൽ സന്തോഷമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പൊതുവേദിയിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.