പാലക്കാട്: ചിറ്റൂർ പൊൽപ്പുള്ളിയിൽ ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പൊൽപ്പുള്ളി അമ്പലപറമ്പ് സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ ശരത്താണ് കൊല്ലപ്പെട്ടത്. കേസിൽ വേർകോലി വടക്കംപാടം പ്രമോദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക ബിജെപി നേതാവ് കൂടിയാണ് ഇയാൾ.
കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വാക്കുതർക്കത്തിനിടെ ശരത്തിനെ പ്രമോദ് , ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിൽ കുത്തി. ശരത്തിനെ നാട്ടുകാർ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രമോദിന്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ശരത്ത്.