മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ വീണ്ടും സൗബിനെതിരെ സഹനിര്‍മാതാവ് സിറാജ് വലിയ തുറ. മുടക്ക് മുതലിന് പുറമേ 40 % ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സൗബിന്‍ പണം വാങ്ങിയത്. എന്നാല്‍ ലാഭം പോയിട്ട് മുടക്ക് മുതല്‍ പോലും മുഴുവന്‍ ലഭിച്ചില്ലെന്നാണ് സിറാജ് വലിയ തുറ ആരോപിക്കുന്നത്. മുടക്കു മുതലില്‍ മാത്രം 50 ലക്ഷം രൂപയോളം ലഭിക്കാനുണ്ടെന്നാണ് സൗബിന്‍ പറയുന്നത്.
താന്‍ നല്‍കിയ പണം ഉപയോഗിച്ചാണ് സൗബിന്‍ സിനിമ നിര്‍മിച്ചത്. സൗബിന്റെ ഒരു രൂപ നിര്‍മാണത്തിനായി ചിലവഴിച്ചിട്ടില്ല. സൗബിന്‍ തന്നോട് വലിയ ചതിയാണ് ചെയ്തതെന്നും സിറാജ് വലിയ തുറ ആരോപിച്ചു. സൗബിനെതിരെ പരമാവധിതെളിവുകള്‍ പൊലീസിന് കൈമാറിയതായും സിറാജ് വലിയതുറ വ്യക്തമാക്കി.
'വലിയ ചതിയാണ് ചെയ്തത്. അവര്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല. എന്റെ പണം ഉപയോഗിച്ചാണ് സിനിമ എടുത്തത്. അവരുടെ ഒരു പണവും ഇതിനായി ഉപയോഗിച്ചിട്ടില്ല. എന്റെ മുടക്ക് മുതല്‍ പോലും 50 ലക്ഷം ലഭിക്കാനുണ്ട്. ലാഭ വിഹിതം പോലും തന്നിട്ടില്ല. ആദ്യം എന്നെ സമീപിച്ച സമയത്ത് തുല്യമായി പണം മുടക്കാമെന്നായിരുന്നു പറഞ്ഞത്. അതനുസരിച്ച് 50 % ഷെയര്‍ എനിക്കും 50 % ഷെയര്‍ അവര്‍ക്കും എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അത് മാറ്റി. 40 % ഷെയര്‍ എന്ന നിലയിലാണ് എഗ്രിമെന്റും കാര്യങ്ങളും എഴുതിയത്. 100 ശതമാനവും ചതിക്കണമെന്ന ഉദ്ദേശ്യത്തോട് കൂടിയാണ് അവര്‍ എന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുള്ളത്,' സിറാജ് വലിയതുറ പറഞ്ഞു.
അതേസമയം പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയതാണെന്നും ലാഭവിഹിതം നല്‍കാന്‍ തയ്യാറാണെന്നും സൗബിന്‍ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പ്രതികരിച്ചു. ലാഭവിഹിതം മാറ്റി വച്ചിട്ടുണ്ട്. ഇതിനിടയിലാണ് കേസ് കൊടുത്തത്. കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് മനസിലാകുന്നില്ലേ എന്നും സൗബിന്‍ ചോദിച്ചിരുന്നു.