KERALA

തൂങ്കുഴി പിതാവിന് അന്ത്യവിശ്രമം, കോഴിക്കോട് കോട്ടൂളി ക്രിസ്തുദാസി ജനറലേറ്റില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പിതാവിന് അന്തിമോപചാരം അര്‍പ്പിച്ചു.

Author : ന്യൂസ് ഡെസ്ക്

കാലം ചെയ്ത ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി ജനറലേറ്റില്‍ പൂര്‍ത്തിയായി. തൃശൂര്‍ അതിരൂപതാ മന്ദിരത്തിലും, ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തിലുമായി നടന്ന കബറടക്ക ശുശ്രൂഷയുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം പിതാവിന്റെ ഭൗതികദേഹം കോഴിക്കോട്ടേക്ക് എത്തിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പിതാവിന് അന്തിമോപചാരം അര്‍പ്പിച്ചു.

ഞായറാഴ്ച രാവിലെ 11.30ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം തൃശൂര്‍ അതിരൂപതാ മന്ദിരത്തില്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന കബറടക്കശുശ്രൂഷയുടെ രണ്ടാം ഘട്ടത്തിന് ശേഷം തൂങ്കുഴി പിതാവിന്റെ ഭൗതികദേഹം വിലാപ യാത്രയായി കോഴിക്കോട്ടേക്ക് എത്തിച്ചു. വൈകിട്ട് നാലരയോടെ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് പള്ളിയില്‍ പൊതുദര്‍ശനം ആരംഭിച്ചു. ആയിരങ്ങളാണ് പ്രിയ ഇടയന് വിട നല്‍കാന്‍ പള്ളിയിലേക്ക് ഒഴുകി എത്തിയത്.

പൊതുദര്‍ശനത്തിന് ശേഷം ഭൗതികശരീരം കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ 'ഹോം ഓഫ് ലൗ'ജനറലേറ്റിലേക്ക്. വൈകിട്ട് ആറരയോടെ കബറടക്ക ശുശ്രൂഷയുടെ സമാപന തിരുക്കര്‍മങ്ങള്‍ നടന്നു. ക്രിസ്തുദാസി സഭയുടെ കോഴിക്കോട്ടെ ആസ്ഥാന മന്ദിരമായ 'ഹോം ഓഫ് ലൗ' വില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണം എന്നതായിരുന്നു സ്ഥാപകനായ ജേക്കബ് തൂങ്കുഴി പിതാവിന്റെ ആഗ്രഹം.

ജന്മംകൊണ്ട് പാലാക്കാരനാണെങ്കിലും കര്‍മം കൊണ്ട് മലബാറുകാരനായിരുന്നു തൂങ്കുഴി പിതാവ്. വൈദികനായ ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബം കോഴിക്കോട്ടെ തിരുവമ്പാടിയിലേക്ക് കുടിയേറിയത്. തിരുവമ്പാടിയാണ് അദ്ദേഹത്തിന്റെ മാതൃ ഇടവകയും. മാനന്തവാടി രൂപതയില്‍ മെത്രാനായിരിക്കെ 1977 മേയ് 19ന് തൂങ്കുഴി പിതാവ് മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് ക്രിസ്തുദാസി സഭ. നിലവില്‍ ഇന്ത്യ, ജര്‍മനി, ഇറ്റലി, ആഫ്രിക്ക, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന 317 സിസ്റ്റര്‍മാരാണ് ഈ സന്യാസിനി സമൂഹത്തിലുള്ളത്. ഹൃദയം നുറുങ്ങിയ വേദനയോടെയാണ് സന്യാസിനി സമൂഹം സ്ഥാപക പിതാവിന് അന്ത്യാഞ്ജലി നല്‍കിയത്.

മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പും താമരശേരി രൂപതയുടെ രണ്ടാം ബിഷപ്പും തൃശൂര്‍ അതിരൂപതയുടെ രണ്ടാമത്തെ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി 95ാം വയസ്സിലാണ് വിടവാങ്ങുന്നത്. ജില്ലയിലെ വിവിധ വേദികളില്‍ സൗമ്യ സാന്നിധ്യമായിരുന്ന പിതാവിന്റെ വിയോഗം തൃശൂരിനും കനത്ത നഷ്ടമാണ്.

SCROLL FOR NEXT