Source: Files
KERALA

കുടുംബശ്രീ മിഷനിൽ കൂട്ടപ്പിരിച്ചുവിടൽ; യുഡിഎഫ് സർക്കാർ വന്നശേഷം നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടത് 134 കരാർ ജീവനക്കാരെ

ദേശീയ നഗര ഉപജീവന മിഷൻ ദൗത്യത്തിന്റെ അടുത്തഘട്ടം സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ നടപടി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന കുടുംബശ്രീ മിഷനിൽ കൂട്ടപ്പിരിച്ചുവിടൽ. യുഡിഎഫ് സർക്കാർ വന്നശേഷം 134 കരാർ ജീവനക്കാരെ നോട്ടീസ് പോലും നൽകാതെ പിരിച്ചുവിട്ടു. ദേശീയ നഗര ഉപജീവന മിഷൻ ദൗത്യത്തിന്റെ അടുത്തഘട്ടം സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ നടപടി.

കണ്ണൂർ ഇരിട്ടി സ്വദേശി ലെജു 2018 മുതൽ ഇക്കഴിഞ്ഞ ജൂൺ 30 വരെ കുടുംബശ്രീ മിഷനിൽ കമ്മ്യൂണിറ്റി ഓർഗനൈസറായി പണിയെടുത്തു. ജൂൺ 30 വൈകുന്നേരം 5:30ന് സർക്കാരിൽ നിന്ന് ഒരു ഉത്തരവ് വരുന്നു. നാളെ മുതൽ ജോലിക്ക് വരേണ്ട. ഒരു നോട്ടീസ് പോലും നൽകാതെ ഇത്തരത്തിൽ 134 പേരെയാണ് സംസ്ഥാന കുടുംബശ്രീ മിഷൻ പിരിച്ചുവിട്ടത്. ഇതിൽ പതിനെട്ടും ഇരുപതും വർഷമായി ജോലിയിൽ തുടരുന്നവരുമുണ്ട്. അതായത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ജോലിയിൽ പ്രവേശിച്ചവർ മുതൽ പുതിയ സർക്കാറിന്റെ കാലത്ത് പുറത്തായി.

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ അടുത്ത ഘട്ടമായ ദീൻദയാൽ ജൻ ആജീവിക യോജന സംസ്ഥാനത്ത് ആരംഭിച്ചിട്ടില്ല എന്നതാണ് പിരിച്ചുവിടലിന് ന്യായമായി പറയുന്നത്. എന്നാൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നതിനാൽ നിലവിലുള്ളവർക്ക് തുടരാം എന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇവർക്ക് ഓഗസ്റ്റ് വരെയുള്ള ശമ്പളം അനുവദിച്ച് തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം അത് തിരുത്തി ജൂൺ വരെയാക്കി. പിരിച്ചുവിടപ്പെട്ടവരിൽ 50 വയസിന് മുകളിൽ പ്രായമുള്ളവരുമുണ്ട്.

ഇവർക്ക് മറ്റൊരു ജോലി കണ്ടെത്തുക എന്നതും പ്രയാസമാണ്. പുതിയ രാഷ്ട്രീയ നിയമനങ്ങളുടെ പേരിലാണ് ഇത്രയധികം പേരെ കൂട്ടമായി ഒഴിവാക്കുന്നത് എന്നാണ് ആക്ഷേപം. മാർച്ച്‌ 31ന് അവസാനിച്ച കരാർ കാലാവധിയാണ് ജൂൺ 30ന് ശേഷം പുതുക്കി നൽകാത്തത്. ബാക്കിയുള്ള കരാറുകാർക്ക് സെപ്റ്റംബർ 30 വരെ തുടരാം. അതുകഴിഞ്ഞാൽ എന്തെന്ന ആശങ്കയിലാണ് ജോലിയിൽ തുടരുന്നവർ.

SCROLL FOR NEXT