കൊച്ചി: എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ച് കിഴക്കമ്പലത്ത് ട്വൻ്റി 20യിൽ കൂട്ടരാജി. രാജിവച്ച പന്ത്രണ്ട് ട്വൻ്റി 20 പ്രവർത്തകരും സിപിഐഎമ്മിൽ ചേർന്നു. രാജി വച്ചെത്തിയ പ്രവർത്തകർക്ക് സിപിഐഎം പ്രാദേശിക നേതാവ് എ.കെ. നിസാറിൻ്റെ അദ്ധ്യക്ഷതയിൽ പള്ളിക്കുറ്റി ജംഗ്ഷനിൽ വച്ച് സ്വീകരണം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ട്വൻ്റി 20 യിൽ നിന്നും രാജിവച്ച് രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി മാറുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സാബു ജേക്കബ് എൻഡിഎയിൽ ചേർന്ന വിവരം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്, സുരേഷ്, സാബു ജേക്കബ് എന്നിവർക്കൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖർ ഈ വിവരം പുറത്തുവിട്ടത്.
എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ മുടിപ്പിച്ചതിൽ മനം മടുത്ത്, ഇതിലൊരു മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അങ്ങനെയാണ് ജനങ്ങൾക്ക് മുന്നിൽ ട്വൻ്റി 20 എന്ന പാർട്ടിയെ അവതരിപ്പിച്ചത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു.
കേരളത്തെ മാറ്റിയെടുക്കാൻ ഒറ്റയ്ക്ക് കഴിയുമോ എന്നതിൽ ആശങ്ക ഉണ്ടായിരുന്നു. ഞങ്ങളെ ഇല്ലാതാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. രണ്ട് പഞ്ചായത്ത് പുതുതായി പിടിച്ചെടുത്തു. തകർക്കാൻ പറ്റാത്ത പാർട്ടിയായി ട്വൻ്റി 20 മാറിയെന്നും സാബു ജേക്കബ് അവകാശവാദം ഉന്നയിച്ചിരുന്നു. ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എങ്ങനെ കേരളത്തെ മാറ്റാമെന്ന് കാട്ടി കൊടുക്കണം. അതുകൊണ്ടാണ് എൻഡിഎയിൽ ചേർന്നത്. വികസിത കേരളം യാഥാർഥ്യമാക്കൽ ലക്ഷ്യമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.