KERALA

പൊലീസിനായ് വാങ്ങിയ ബോഡി വോൺ ക്യാമറയിൽ അടിമുടി ദുരൂഹത; സംസ്ഥാനത്ത് വിതരണം ചെയ്ത 310 ക്യാമറകളും പ്രവർത്തന രഹിതം; വിവരങ്ങൾ ന്യൂസ് മലയാളത്തിന്

ആദ്യഘട്ടത്തിൽ 50 ക്യാമറ വാങ്ങാൻ 29 ലക്ഷത്തി 99560 രൂപയാണ് ചിലവായത്. പിന്നീടുള്ള 130 ക്യാമറ വാങ്ങാനും ചിലവായത് 29 ലക്ഷത്തി 95200 രൂപയെന്ന് വിവരാവകാശ രേഖകൾ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കൊല്ലം: പോലീസിനായി വാങ്ങിയ ബോഡി വോൺ ക്യാമറയിൽ അടിമുടി അഴിമതി നടന്നതായ് ആക്ഷേപം. സംസ്ഥാനത്ത് വിതരണം ചെയ്ത 310 ക്യാമറകളും പ്രവർത്തന രഹിതമായിട്ട് യാതൊരു നടപടിയും ഉണ്ടായില്ല. ക്യാമറ വാങ്ങിയതിന് ചിലവായ തുകയുടെ വിശദവിവരങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

2018ലാണ് പൊലീസുകാർക്ക് യൂണിഫോമിൽ ഘടിപ്പിക്കുന്ന ബോഡി വോൺ ക്യാമറയ്ക്ക് വേണ്ടി കരാറിൽ ഏർപ്പെടുന്നത്. പോലീസുകാരുടെ പ്രവർത്തി സുതാര്യമാക്കുകയെന്ന വാദം ഉയർത്തിയാണ് ഒരു കോടി രൂപ മുടക്കി 310 ക്യാമറകൾ വാങ്ങിയത്. പക്ഷേ ഒരു മാസം തികയും മുൻപേ മിക്കവരും അതു മടക്കി നൽകി. കുറച്ചു സമയം ഘടിപ്പിക്കുമ്പോൾ നെഞ്ചിൽ ചൂട് തട്ടുന്നുവെന്നായിരുന്നു പരാതി. ക്യാമറ വാങ്ങിയതിൽ അടിമുടി അഴിമതി നടന്നുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്ത് വന്നത്.

ആദ്യഘട്ടത്തിൽ 50 ക്യാമറ വാങ്ങാൻ 29 ലക്ഷത്തി 99560 രൂപയാണ് ചിലവായത്. പിന്നീടുള്ള 130 ക്യാമറ വാങ്ങാനും ചിലവായത് 29 ലക്ഷത്തി 95200 രൂപയെന്ന് വിവരാവകാശ രേഖകൾ പറയുന്നു. എന്നാൽ പിന്നീട് വാങ്ങിയ 130 ക്യാമറ വാങ്ങാൻ 39 ലക്ഷത്തി 55295 രൂപയും ചിലവായി. അതായത് 10 ലക്ഷം രൂപ അധികം നൽകേണ്ടി വന്നുവെന്നാണ് രേഖകൾ പറയുന്നത്. യാതൊരു പൈലറ്റ് സർവേയും നടത്താതെയാണ് ക്യാമറ വാങ്ങിക്കൂട്ടിയതെന്നും രേഖകൾ വ്യക്തമാക്കുന്നത്.

2018ൽ കരാർ എഴുതിയെങ്കിലും സംസ്ഥാനത്തെ 10 പൊലീസ് ജില്ലകളിൽ ക്യാമറ വിതരണം ചെയ്തപ്പോൾ 2024 ആയി. കരാർ പ്രകാരം ക്യാമറയുടെ വാറൻ്റി 3 വർഷമാണ്. അത് കരാർ ഒപ്പിട്ട 2018 മുതൽ കണക്ക് കൂട്ടുകയും ചെയ്തു. പകരം ക്യാമറ വാങ്ങിയ കമ്പനിയുമായി വാർഷിക അറ്റകുറ്റപ്പണി കരാറിൽ ഏർപ്പെട്ടതും ഇല്ല. അതിനാൽ കേടാകുന്നവ നന്നാക്കാൻ കഴിയാതെ വന്നു. ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെയാണ് ഇവ വാങ്ങിയതെന്ന ന്യായത്തിൽ പൊലീസ് ആസ്ഥാനത്തെ ഉന്നതരെല്ലാം ക്യാമറ വിഷയത്തിൽ ഇപ്പോൾ കൈമലർത്തുകയാണ്.

SCROLL FOR NEXT