പ്രതീകാത്മക ചിത്രം Source: Files
KERALA

സ്വകാര്യ ലോണുകൾ അടച്ചു, കൊടിയും ചിഹ്നവും വിതരണം ചെയ്തതിലും തട്ടിപ്പ്! ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്

ദേശീയ നേതാക്കൾക്കും താരപ്രചാരകർക്കും ഹോട്ടൽ ബുക്ക് ചെയ്തതിലും ഹെലിക്കോപ്ടർ വാടകക്ക് എടുത്തതിലും ഫണ്ട് മുക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തൽ. പാർട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തത് മുതൽ സോഷ്യൽ മീഡിയ പ്രചാരണം വരെയുളള കാര്യങ്ങളിൽ ക്രമക്കേട് നടത്തി നേതാക്കൾ കോടികൾ തട്ടിയെടുത്തതായാണ് ബിജെപി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ ഓഡിറ്റിങ് സംഘം കണ്ടെത്തിയത്.

കൊടിയും, ചിഹ്നവും കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയിട്ടും അതിന്റെ പേരിൽ തിരുവനന്തപുരത്തെ വനിതാ നേതാവ് കോടികൾ തട്ടിയെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ മറ്റൊരു നേതാവ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ലക്ഷപ്രഭുവായി. സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന 40 ലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാൾ 17 ലക്ഷം രൂപയുടെ കാർ ഇഎംഐ ഇല്ലാതെ റൊക്കം കാശിന് സ്വന്തമാക്കി. ഏലം വിറ്റ് കാർ വാങ്ങിയെന്നായിരുന്നു വിശദീകരണം.

ദേശീയ നേതാക്കളും താരപ്രചാരകരും വന്നപ്പോൾ ഹോട്ടലും സൗകര്യങ്ങളും ഒരുക്കിയതിന്റെ പേരിലും ലക്ഷങ്ങൾ തട്ടിച്ചു. 100 മണിക്കൂർ പറക്കാൻ വേണ്ടി ഹെലികോപ്ടർ വാടകക്ക് എടുത്ത വകയിലും പണം മുക്കി. ഡ്രോൺ ഷോ നടത്താമെന്ന് പറഞ്ഞും, പോഡ്കാസ്റ്റ് ചെയ്യാനുമായി ലക്ഷങ്ങളാണ് തട്ടിയെടുത്തത്. തട്ടിപ്പും വെട്ടിപ്പും കണ്ട് ഞെട്ടിയ കേന്ദ്ര നേതൃത്വം കൂടുതൽ നടപടിക്കൊരുങ്ങുകയാണ്.

ഇതിനിടെ തെരഞ്ഞെടുപ്പ് സമയത്ത് നോട്ട് കെട്ടുകളുമായി സെൽഫിയെടുത്ത എബിവിപി നേതാവ് പാറശാല സ്വദേശി സിദ്ധാർഥിന്റെ ചിത്രം പുറത്ത് വന്നത് ബിജെപിയെ കൂടുതൽ വെട്ടിലാക്കി.

SCROLL FOR NEXT