KERALA

സിഎംആർഎൽ-എക്സാലോജിക് കേസ്: സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് മാത്യു കുഴൽനാടൻ, സ്വീകരിച്ചത് പക്വമായ നിലപാടെന്ന് ചെന്നിത്തല

രാഷ്ട്രീയ പ്രേരിതമായി നടപടി സ്വീകരിക്കരുത് എന്നാണ് സർക്കാർ നിലപാട്. മാത്യു കുഴൽനാടന് മനസിലാകുന്നില്ലെങ്കിൽ എന്ത് ചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ എഫ്ഐആർ സംബന്ധിച്ച അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് വിധി സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസെടുക്കാൻ കഴിയില്ലെന്ന വാദം പൂർണമായി തള്ളി. പിണറായി വിജയൻ കേസ് നേരിടുക എന്നതാണ് ഇനി അഭികാമ്യം. കൈകൾ ശുദ്ധമാണ്, മടിയിൽ കനമില്ലെങ്കിൽ എഫ്ഐആറിനെ പേടിക്കുന്നതെന്തിനാണെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും മാത്യു കുഴൽ നാടൻ തുറന്നടിച്ചു. സംസ്ഥാന സർക്കാർ കോടതിയിൽ പ്രതികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സാഹചര്യം പാർട്ടി വേദികളിൽ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാത്യു കുഴൽനാടൻ.

"കേസിൽ എന്തുകൊണ്ടാണ് എജി അങ്ങനെ ഒരു നിലപാടെടുത്തതെന്ന് വ്യക്തമല്ല. ബന്ധപ്പെട്ടവർ ഇക്കാര്യം പാർട്ടി വേദിയിൽ വിശദീകരിക്കണം. പ്രഥമദൃഷ്ട്യാ എഫ്ഐആർ നിലനിൽക്കില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണെന്ന് നിലപാട് എടുത്തതെന്ന് അറിയില്ല. ന്യായമായ നിലപാട് അല്ല, നിയമപരമായ നിലപാടാണ് വേണ്ടത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തവരുണ്ട്. അന്ന് സിബിഐക്കായിരുന്നു കൊടുക്കേണ്ടിയിരുന്നത്. സിബിഐക്ക് പരാതി നൽകാതിരുന്നത് പിണറായിയെ ബിജെപിക്ക് ഇട്ട് കൊടുക്കാൻ കഴിയാത്തതിനാലാണ്. പിണറായിയോട് രാഷ്ട്രീയ മര്യാദ കാണിച്ച ആളാണ് ഞാൻ", മാത്യു കുഴൽ നാടൻ്റെ വാക്കുകൾ.

അതേസമയം, കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ വിമർശനം തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരിന് അറിയാം. സർക്കാരിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പക്വമായ നിലപാടാണ് കേസിൽ സർക്കാർ സ്വീകരിച്ചത്. രാഷ്ട്രീയ പ്രേരിതമായി നടപടി സ്വീകരിക്കരുത് എന്നാണ് സർക്കാർ നിലപാട്. മാത്യു കുഴൽനാടന് മനസിലാകുന്നില്ലെങ്കിൽ എന്ത് ചെയ്യാനാണെന്നും ചെന്നിത്തല ചോദിച്ചു.

പിണറായി വിജയൻ്റെ മകൾ വീണ.ടിയുടെ കമ്പനി എക്‌സാലോജിക്കിന് ഐടി സേവനങ്ങൾ നൽകാതെ തന്നെ സിഎംആർഎൽ പണം നൽകിയെന്നായിരുന്നു കേസിലെ പ്രധാന ആരോപണം. ഇത് സംബന്ധിച്ച് ഇ.ഡി നടത്തിയ കത്ത് അടിസ്ഥാനമാക്കി അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. ഇതിപ്പോൾ ഡിവിഷൻ ബെഞ്ചും ശരിവച്ചതോടെ, പിണറായി അടക്കം പ്രതിപ്പട്ടികയിലുള്ളവർ സുപ്രീം കോടതിയിലേക്ക് അപ്പീലുമായി നീങ്ങുമോ അതോ എഫ്ഐആർ റദ്ദാക്കാൻ പുതിയ നിയമയുദ്ധം തുടങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

SCROLL FOR NEXT