എറണാകുളം: പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിനെ രാഷ്ട്രീയ പ്രേരിതം എന്ന് പറയുന്നതിൽ അർഥമില്ലെന്ന് കേസിൽ നിയമ പോരാട്ടം നടത്തിയ മാത്യു കുഴൽനാടൻ എംഎൽഎ. ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെയാണ് ഇഡി നടപടി. സ്വാഭാവികം നടപടി ഉണ്ടാകുമ്പോൾ വെപ്രാളപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയൻ്റെ ഏജൻസികൾ തനിക്കെതിരെ അന്വേഷണം നടത്തിയപ്പോൾ രാഷ്ട്രീയ പ്രേരീതം ആണെന്ന് താൻ പറഞ്ഞില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. ഇതുമായുള്ള തന്റെ പോരാട്ടം തുടരും. സത്യമെന്നായാലും മറനീക്കി പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി അധികാരത്തിലിരുന്ന സമയത്ത് അത് പുറത്തുവന്നില്ലെങ്കിൽ കൂടിയും അത് തെളിയും. സത്യത്തെ എക്കാലത്തേക്കുമായി മൂടിവയ്ക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
ഇത് സിപിഐഎമ്മിന്റെ തായ് വേര് അറുക്കുന്ന കേസാണ്. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരും. ടാക്സ് അടച്ചത് കൊണ്ട് അഴിമതി പണം അങ്ങനെ അല്ലാതാകുമോ? താൻ ആവർത്തിച്ച് പറഞ്ഞത് ജനങ്ങൾക്ക് മുന്നിൽ തെളിയിക്കപ്പെടണം എന്നതാണ് ആഗ്രഹം. തനിക്കിതിൽ അമിതാവേശമില്ല. ഇഡി അന്വേഷണം നടക്കട്ടെ എന്ന് പറത്തത് കോടതിയാണെന്നും മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് റെയ്ഡുമായി ബന്ധമില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.