തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.ബി. രാജേഷ്. മുണ്ടക്കൈ-ചൂരൽമല ഭവന നിർമ്മാണത്തിന്റെ പേരിൽ സമാഹരിച്ച വൻ തുക ഉപയോഗിച്ചുകൊണ്ടാണ് വയനാട്ടിൽ ലക്ഷ്യ ക്യാമ്പ് നടത്തിയതെന്നാണ് എം.ബി. രാജേഷിൻ്റെ ആരോപണം. ഭവന നിർമാണ ഫണ്ട് തട്ടിപ്പിൽ കോൺഗ്രസ് ഒളിച്ചുകളി നിർത്തണമെന്നും എം.ബി. രാജേഷ് പറഞ്ഞു.
വയനാട് ഭവന നിർമാണത്തിനായി സമാഹരിച്ച പണം എന്തു ചെയ്തു എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് എം.ബി. രാജേഷ് പറയുന്നു. മുട്ടാ പോക്ക് ന്യായങ്ങളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. പല തീയതികൾ പറഞ്ഞെങ്കിലും വീട് നിർമ്മാണം നടപ്പാക്കുന്നില്ല. കൃത്യമായ മറുപടി പറയാതെ നേതാക്കൾ ഒഴിഞ്ഞുമാറുകയാണ്. വീട് നിർമാണ തട്ടിപ്പ് കോൺഗ്രസിനെ വിടാതെ പിന്തുടരുമെന്ന് പറഞ്ഞ എം.ബി. രാജേഷ് ഭൂമി രജിസ്റ്റർ ചെയ്താൽ പ്രശ്നം അവസാനിക്കുമോ എന്നും ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും എം.ബി. രാജേഷ് പ്രതികരിച്ചു. കോൺഗ്രസ് ഒളിഞ്ഞും തെളിഞ്ഞും രാഹുലിനെ സംരക്ഷിക്കുകയാണ്. ഇനിയുള്ള പരാതികൾ വരാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്. എന്നാൽ അതുകൊണ്ട് മാത്രം ആളുകൾ വരാതിരിക്കില്ല. അതിനുള്ള തെളിവാണ് മൂന്നാമത്തെ പരാതിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.