KERALA

മദ്യത്തിന്റെ നികുതിയിളവ് എല്‍ഡിഎഫ് അലോചിച്ചിട്ട് പോലുമില്ല, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം: എം.ബി. രാജേഷ്

യുഡിഎഫിന് മദ്യം എന്നും കറവപശുവാണെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു എന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എല്‍ഡിഎഫിന്റെ കാലത്താണ് എല്ലാത്തിനും തുടക്കമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്നും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. നികുതി കുറയ്ക്കുന്നത് എല്‍ഡിഎഫ് അലോചിച്ചിട്ട് പോലുമില്ല. മൂന്ന് വർഷം ഫയലിൽ തീരുമാനം എടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞ കള്ളം തിരുത്തുമെന്നൊന്നും കരുതുന്നില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ എല്ലാം പൂട്ടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്തവനയും തെറ്റാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടക്കകാലത്ത് നിരവധി ബാറുകള്‍ക്ക് അനുമതി നല്‍കി. ബാര്‍കോഴ ആരോപണം വന്നപ്പോള്‍ ലൈസന്‍സ് റദ്ദാക്കുക മാത്രമാണ് ചെയ്തത്. യുഡിഎഫിന് മദ്യം എന്നും കറവപശുവാണെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി.

ബിയര്‍-വൈന്‍ ലൈസന്‍സ് നല്‍കി. 813 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. 306 ബെവ്‌കോ മദ്യ വില്‍പ്പനശാലയും പ്രവര്‍ത്തിച്ചിരുന്നു. വി.എം. സുധീരനെ തോല്‍പ്പിക്കാനായി മാത്രം ഉമ്മന്‍ചാണ്ടി ബാര്‍ ലൈസന്‍സ് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. ക്ലാസിഫിക്കേഷന്‍ അനുസരിച്ച് എല്‍ഡിഎഫ് ലൈസന്‍സ് നല്‍കുകയാണ് ചെയ്തതെന്നും എം.ബി. രാജേഷ് പറഞ്ഞു.896 ബാര്‍ ഹോട്ടലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരി എങ്കില്‍ വീണ്ടും ബാറുകള്‍ അടച്ചു പൂട്ടട്ടെയെന്നും അതിന് വി.ഡി. സതീശന്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

മദ്യത്തിനുള്ള നികുതിയിളവ് മദ്യ കമ്പനികൾക്ക് വേണ്ടിയാണെന്ന് പി. രാജീവും പറഞ്ഞു. നീക്കം വണ്ടിയുടെ പിറകിൽ കുതിരയെ കെട്ടാനാണെന്നും പി. രാജീവ് വിമർശിച്ചു. മുഖ്യമന്ത്രിയുടെ ന്യായീകരണം തൃപിതികരമല്ല. സഭയിൽ പാസാക്കിയാൽ പിന്നീട് മാറ്റാൻ കഴിയില്ല. പ്രതിഷേധം ഉയർന്നപ്പോഴെങ്കിലും പിൻമാറണമായിരുന്നു. വകുപ്പു മന്ത്രിമാർ അറിയാതെയാണ് പല കാര്യങ്ങളും നടക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തുരവാദിത്തം നഷ്ടമായെന്നും പി. രാജീവ് പറഞ്ഞു.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവിൽ സർക്കാരിന് എതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും രം​ഗത്തെത്തി. വില കുറഞ്ഞ മദ്യം നടപ്പിലാക്കാൻ ഉള്ള സർക്കാർ തീരുമാനം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സഹായിക്കും. പൂർണ മദ്യനിരോധനം ഏർപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

SCROLL FOR NEXT