കൊച്ചി: അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിൽ സര്‍ക്കാരിനെതിരെ വിമർശനമുന്നയിച്ചവർക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എം.ബി. രാജേഷ്. അന്താരാഷ്ട്ര വലതുപക്ഷ മാധ്യമമായ ദി എക്കണോമിസ്റ്റിൽ കേരളത്തെ പ്രകീർത്തിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനം പങ്കുവച്ചാണ് മന്ത്രിയുടെ മറുപടി. 'സാമൂഹിക ക്ഷേമത്തെക്കുറിച്ച് കേരളത്തിന് ഇന്ത്യയെ ചിലതൊക്കെ പഠിപ്പിക്കാൻ കഴിയും' എന്ന തലക്കെട്ടോടെയായിരുന്നു എക്കോണോമിസ്റ്റിൽ ലേഖനം പ്രത്യക്ഷപ്പെട്ടത്.
'കണ്ണടച്ചിരുട്ടാക്കുന്നവരേ കാണൂ കേരളം ലോകത്തിന് വെളിച്ചമാകുന്നത്!' എന്ന തലക്കെട്ടോടെയാണ് എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. വലതുപക്ഷ സാമ്പത്തിക വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കുന്നതുകൊണ്ട് തന്നെ 'ലോക മുതലാളിത്തത്തിന്റെ ജിഹ്വ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണമാണ് 'ദി എക്കണോമിസ്റ്റ്'.
കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യൻ എന്നാണ് കവറിൽ തന്നെ ദി എക്കണോമിസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. വിഭിന്ന രാഷ്ട്രീയ നിലപാടുകളുള്ളവർപോലും മനുഷ്യരെ ചേർത്തുപിടിച്ചുള്ള നമ്മുടെ വികസന മാതൃകയെ അംഗീകരിക്കുമ്പോൾ എല്ലാ അസംബന്ധ രാഷ്ട്രീയ നാടകങ്ങളും പൊളിഞ്ഞ് വീഴുകയാണെന്നും എം.ബി. രാജേഷ് പോസ്റ്റിൽ പറയുന്നു.
എം.ബി. രാജേഷിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം:
കണ്ണടച്ചിരുട്ടാക്കുന്നവരേ കാണൂ കേരളം ലോകത്തിന് വെളിച്ചമാകുന്നത്!
ലോകത്തെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് ലണ്ടനിൽ നിന്നിറങ്ങുന്ന ' ദി എക്കണോമിസ്റ്റ്'. അവരും നമ്മുടെ ആ നേട്ടത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. വലതുപക്ഷ സാമ്പത്തിക വീക്ഷണങ്ങൾ ഉയർത്തിപ്പിടിക്കുന്നതുകൊണ്ട് തന്നെ 'ലോക മുതലാളിത്തത്തിന്റെ ജിഹ്വ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണമാണിത്. ഇടതുപക്ഷ ആഭിമുഖ്യം ഒട്ടുമേ ഇല്ലെന്നർത്ഥം. എക്കണോമിസ്റ്റിന് ലോകമാകെയുള്ള അക്കാദമിക്-പണ്ഡിത സമൂഹത്തിലും വലിയ സ്വീകാര്യതയും ആധികാരികതയുമുണ്ട്. അതിവിശാലമായ വായനക്കാരുള്ള എക്കണോമിസ്റ്റിന്റെ നിരീക്ഷണങ്ങൾ ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ -ബിസിനസ്-അക്കാദമിക് വൃത്തങ്ങളിൽ ഗൗരവത്തോടെയെടുക്കുന്നവയാണ്. ആ എക്കണോമിസ്റ്റാണ് കേരളത്തിന്റെ കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് എന്നത് നമുക്കെല്ലാം അഭിമാനം പകരുന്ന കാര്യമാണ്.
കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ വെളിച്ചം ലോകത്തിന് വഴികാട്ടിയാകുമ്പോൾ അടിസ്ഥാന രഹിതമായ വിമർശനങ്ങളുന്നയിച്ച് കണ്ണടക്കുന്നവർക്ക് മാത്രമേ ഇരുട്ടാവുന്നുള്ളൂ എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നത്. പതിവായി നമ്മുടെ ആശയങ്ങളോട് വിയോജിക്കുന്ന ' ദി എക്കണോമിസ്റ്റ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ തലക്കെട്ട് : "സാമൂഹിക ക്ഷേമത്തെക്കുറിച്ച് കേരളത്തിന് ഇന്ത്യയെ ചിലതൊക്കെ പഠിപ്പിക്കാൻ കഴിയും" എന്നതാണ്.
അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്ന് അടിവരയിടുന്ന ലേഖനം, 1% ൽ താഴെ മാത്രം ദാരിദ്ര്യനിരക്കുള്ള നമ്മെ ലോകത്തിലെ സ്കാൻഡിനേവിയൻ രാജ്യങ്ങളോട് ഉപമിക്കുന്നു. കേരളത്തെ ഇന്ത്യയുടെ വികസന ചാമ്പ്യൻ എന്നാണ് കവറിൽ തന്നെ ദി എക്കണോമിസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഈ വിജയം സാധ്യമായത് പുനർവിതരണത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന അതുല്യമായ രാഷ്ട്രീയ ശൈലിയും , കുടുംബശ്രീ പോലുള്ള പ്രാദേശിക കമ്മ്യൂണിറ്റി സംഘടനകളുമായി ചേർന്ന് 64,006 അതിദരിദ്ര കുടുംബങ്ങളെ രക്ഷിച്ച വികേന്ദ്രീകൃത ഭരണരീതിയും കൊണ്ടാണെന്നും എക്കണോമിസ്റ്റ് വിലയിരുത്തുന്നുണ്ട്.