KERALA

BREAKING | അനസ്തേഷ്യക്കു പിന്നാലെ ഒന്നര വയസുകാരന്റെ മരണം: ക്രിമിനല്‍ അനാസ്ഥ, അന്വേഷണം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

രാവിലെ 10.15ന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് അനസ്തേഷ്യ നൽകിയത് വൈകിട്ട്

Author : ന്യൂസ് ഡെസ്ക്

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അന്സ്തേഷ്യ നല്‍കിയതിനു പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ മെഡിക്കല്‍ ബോര്‍ഡ്. ചികിത്സിച്ച ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്ന് ബോര്‍ഡ് വിലയിരുത്തി. രാവിലെ 10.15ന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് അനസ്തേഷ്യ നൽകിയത് വൈകിട്ടാണ്. അപ്പോഴേക്കും മുറിവ് ഉണങ്ങിയിരുന്നു. അനസ്തേഷ്യ നൽകിയശേഷം ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. പിഴവ് മനസിലാക്കി വൈകിട്ട് ആറോടെ കുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത് അതുകൊണ്ടാണ്. ക്രിമിനൽ അനാസ്ഥയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് ശുപാർശ ചെയ്യും.

ബോർഡ് യോഗത്തിൽ ഗവൺമെന്റ് പ്ലീഡറും ഡിഎംഒയും തമ്മിൽ തർക്കവുമുണ്ടായി. അഞ്ചിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാനാകില്ലെന്ന് ഗവൺമെന്റ് പ്ലീഡർ പറഞ്ഞതോടെ രണ്ടു ഡോക്ടർമാരെ മാറ്റി നിർത്തിയാണ് യോഗം ചേർന്നത്. നേരത്തെ, സംഭവത്തില്‍ അനസ്തേഷ്യ ഡോക്ടറുടെ മൊഴി പൊലീസ് എടുത്തിരുന്നു. കുഞ്ഞിന് അനസ്തേഷ്യ അനിവാര്യമായിരുന്നു, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ഡോക്ടര്‍ മൊഴി നല്‍കിയത്.

അനസ്തേഷ്യ നൽകിയതിനു പിന്നാലെ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അനസ്തേഷ്യ നൽകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ ചുണ്ടിൽ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രമായിരുന്നു. സാധാരണ പരിചരണം കൊണ്ട് തന്നെ ഉണങ്ങിപ്പോകാവുന്നതായിരുന്നു മുറിവ്. ആശുപത്രി അധികൃതർ അനാവശ്യമായി അനസ്തേഷ്യ നൽകിയതാണ് കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയതെന്നും വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

SCROLL FOR NEXT