KERALA

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും റിമാൻഡിൽ

കേസിൽ ഇന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടേയും ഗോവർദ്ധന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനും റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതികളെ റിമാൻഡ് ചെയ്തത്. വൈദ്യ പരിശോധന പൂർത്തിയാക്കിയ ഇരുവരെയും കൊല്ലത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടേയും ഗോവർദ്ധന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ചോദ്യം ചെയ്യുന്നതിനായി ഇരുവരേയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ചിരുന്നു. സ്വർണക്കൊള്ളയിൽ കമ്പനിയുടെ പങ്ക് തെളിഞ്ഞതായി അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിലേക്ക് കടന്നത്.

കേസിൽ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. പ്രധാന പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ അലംഭാവമുണ്ടെന്ന് വിമർശിച്ച കോടതി അന്വേഷണം വലിയ സ്രാവുകളിലേക്ക് എത്തണമെന്നും നിർദേശിച്ചിരുന്നു. ലഭ്യമായ തെളിവുകളിൽ ഫലപ്രദമായ അന്വേഷണം നടത്തിയില്ല. സ്വർണപ്പാളികൾ ചെമ്പ് ആക്കി മാറ്റിയതിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്തമുണ്ട്. എന്നാൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിനെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം, ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാനുള്ള ചുമതല ഇഡിക്ക് നൽകിയതിന് പിന്നാലെ മുഴുവൻ കേസ് രേഖകളും കെെമാറി. കൊല്ലം വിജിലൻസ് കോടതി ഉത്തരവിന് പിന്നാലെയാണ് കേസ് രേഖകൾ ഇഡിക്ക് കൈമാറിയത്. ഇഡി ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങും.

SCROLL FOR NEXT