Source: News Malayalam 24x7
KERALA

"ജില്ലാ നേതൃത്വം വിപ്പ് പോലും നൽകിയില്ല, ഭരണംപിടിക്കാൻ പാർട്ടി ഒന്നും ചെയ്തില്ല"; മറ്റത്തൂരിലെ കൂറുമാറ്റം നിഷേധിച്ച് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ അംഗങ്ങൾ

ഡിസിസി ചിഹ്നം അനുവദിച്ച മൂന്ന് സ്ഥാനാർഥികൾ ബിജെപിക്കായി പ്രചാരണം നടത്തിയെന്നും അംഗങ്ങൾ ആരോപിച്ചു...

Author : അഹല്യ മണി

തൃശൂ‍ർ: മറ്റത്തൂരിൽ ബിജെപിയിലേക്കുള്ള കൂറുമാറ്റം നിഷേധിച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട അംഗങ്ങൾ. ഡിസിസി നേതൃത്വം പറയുന്നത് പച്ചക്കള്ളമെന്നും, ഭരണം പിടിക്കാൻ അംഗങ്ങൾക്ക് വിപ്പ് പോലും നൽകിയിട്ടില്ലെന്നും മുൻ ഡിസിസി ജനറൽ സെക്രട്ടറി ടി.എൻ. ചന്ദ്രൻ പറഞ്ഞു. ബിജെപി കോൺഗ്രസിന് വോട്ട് ചെയ്തത് സിപിഐഎം വിരോധത്തിലാണ്. ഡിസിസി ചിഹ്നം അനുവദിച്ച മൂന്ന് സ്ഥാനാർഥികൾ ബിജെപിക്കായി പ്രചാരണം നടത്തിയെന്നും ആരോപണം.

മാധ്യമങ്ങൾ സിപിഐഎം നേതാക്കളെയും ബിജെപി നേതാക്കളെയും കണ്ടു കാര്യങ്ങൾ ചോദിച്ചെങ്കിലും തങ്ങളുടെ അഭിപ്രായം ചോദിക്കാൻ ഒരാളും തയ്യാറായില്ലെന്ന് ടി.എൻ. ചന്ദ്രൻ പറഞ്ഞു. പാർട്ടി വിശദീകരണം ചോദിക്കുകയോ അറിയിക്കുകയോ ചെയ്യാതെയാണ് സസ്പെൻഡ് ചെയ്തത്. ബ്ലോക്ക് പ്രസിഡൻ്റ് സുധൻ ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഇന്നലെ മത്സരത്തിന് ശേഷം തങ്ങൾ എത്തിയത് ഡിസിസി ഓഫീസിലാണ്. ഒരാളും തങ്ങളോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രൻ പറഞ്ഞു.

ഡിസിസി ചിഹ്നം കൊടുത്ത മറ്റ് മൂന്ന് സ്ഥാനാർഥികൾ പ്രചാരണം നടത്തിയത് ബിജെപിക്ക് വേണ്ടിയാണ്. തങ്ങൾ ഇപ്പോഴും കോൺഗ്രസാണ്. ബിജെപിയുടെ പിന്തുണ കിട്ടിയതിന് ശേഷമാണ് തങ്ങൾക്ക് വിവരം ലഭിച്ചത്. സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. രാജി വയ്ക്കാതിരുന്നത് മറ്റത്തൂരിലെ പൊതുനിലപാട് കണക്കിലെടുത്താണ്. അവിടുത്തെ ജനവികാരം സിപിഐഎമ്മിന് എതിരാണ്. നാടിൻ്റെ പൊതുവികാരം ഏറ്റെടുത്താണ് തങ്ങൾ രാജിവയ്ക്കാതിരുന്നത്. തങ്ങൾ ബിജെപിയുമായി മുന്നണി ഉണ്ടാക്കിയിട്ടില്ല. പ്രത്യാഘാതം പഠിക്കാതെ രാജിവയ്ക്കില്ല. പാർട്ടി എടുത്ത നടപടി പിൻവലിക്കണമെന്നാണ് ആവശ്യമെന്നും അംഗങ്ങൾ അറിയിച്ചു.

മറ്റത്തൂരിലെ പ്രശ്നങ്ങൾക്ക് ഡിസിസിയും കെപിസിസിയും ഉത്തരവാദികളാണ്. വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി ഉണ്ടായത്. തങ്ങൾ ബിജെപിയിൽ ചേരില്ല, ഇന്നും നാളെയും ചേരില്ലെന്നും അംഗങ്ങൾ അറിയിച്ചു.

SCROLL FOR NEXT