ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി യാതൊരു കരാറിലും പങ്കാളിയായിരുന്നില്ല എന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാദം പൊളിയുന്നു. മെസി ഉള്‍പ്പെടെ അര്‍ജന്റീന ടീമിന്റെ വരവ് സര്‍ക്കാര്‍ ഉള്‍പ്പെട്ട ത്രികക്ഷി ഏര്‍പ്പാടിന്റെ ഭാഗമായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാനും പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ നടത്തിയിരുന്നതായി വ്യക്തമാകുന്ന രേഖകളാണ് ന്യൂസ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്.
അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് പിണറായി സർക്കാർ അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എഎഫ്എയുമായുള്ള സൗഹൃദ മത്സര കരാറില്‍ ഇടപെടണം എന്നാണ് കത്തിലെ ആവശ്യം. കേരളവും എഎഫ്എയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കായിക നയതന്ത്ര സംരംഭം എന്നാണ് പരിപാടിയെ വിശേഷിപ്പിക്കുന്നത്. എഎഫ്എ പ്രതിനിധികളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി മുന്നോട്ടു കൊണ്ടുപോയെന്നും, അതിന്റെ ഭാഗമായി കായികമന്ത്രി സ്പെയിനിലേക്ക് യാത്ര നടത്തിയെന്നും കത്തില്‍ വിശദീകരിക്കുന്നുണ്ട്. കായിക, യുവജന ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷ് 2025 ജൂലൈ ഏഴിന് അയച്ച കത്തിലാണ് വിവരങ്ങള്‍.
"കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ, പരിപാടിയുടെ വാണിജ്യ സ്പോണ്‍സറായി എത്തിയ റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ത്രികക്ഷി ധാരണ രൂപീകരിച്ചു. എഎഫ്എയും റിപ്പോര്‍ട്ടര്‍ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 15 മില്യണ്‍ യുഎസ് ഡോളറാണ് ആകെ കരാര്‍ തുക. അതില്‍ ഒമ്പത് മില്യണ്‍ യുഎസ് ഡോളര്‍ 2025 ജൂണ്‍ ആറിന് കൈമാറി. എന്നാല്‍ കൈമാറ്റം വൈകിയതിനുള്ള നഷ്ടപരിഹാരമായി നാല് മില്യണ്‍ യുഎസ് ഡോളര്‍ കണക്കാക്കുമെന്നും ശേഷിക്കുന്ന അഞ്ച് മില്യണ്‍ ഡോളര്‍ പുതിയ കരാറിനായി തടഞ്ഞുവച്ചിരിക്കുകയാണെന്നും എഎഫ്എ ഏകപക്ഷീയമായി അറിയിച്ചിരിക്കുന്നു.
മാത്രമല്ല, ആദ്യം നിശ്ചയിച്ച സമയക്രമം ലഭ്യമല്ലെന്ന കാര്യം സമയബന്ധിതമായി അറിയിക്കുന്നതില്‍ എഎഫ്എയുടെ ഭാഗത്തും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ കരാര്‍ പുതുക്കാനോ, ബദല്‍ നടപടികള്‍ പരിഗണിക്കുകയോ ചെയ്യാമായിരുന്നു. ഈ സാഹചര്യത്തില്‍ അർജന്റീനയുടെ പിന്മാറ്റം സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നതിനൊപ്പം, സര്‍ക്കാരിന്റെ പ്രതിച്ഛായയെയും ബാധിക്കും. സ്പോൺസർ ഫീസ് അടക്കാൻ വൈകിയതിനു ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാന്‍ അംബാസഡർ അടിയന്തരമായി ഇടപെടണം. സംസ്ഥാന സര്‍ക്കാരിന്റെയും ഇന്ത്യന്‍ പങ്കാളികളുടെയും സാമ്പത്തിക താല്‍പ്പര്യങ്ങളും, പ്രതിച്ഛായയും സംരക്ഷിക്കണം" - എന്നിങ്ങനെയാണ് കത്തിലെ ആവശ്യങ്ങള്‍.