ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ നടന്ന തട്ടിപ്പിനെക്കുറിച്ചുള്ള കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ചട്ടവിരുദ്ധമായാണ് സ്പോണ്‍സറെ തീരുമാനിച്ചത്. മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുകയാണ്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചട്ടവിരുദ്ധമായാണ് സര്‍ക്കാര്‍ സ്പോണ്‍സറെ തീരുമാനിച്ചതെന്ന് സതീശന്‍ പറഞ്ഞു. താല്‍പ്പര്യം പത്രം ക്ഷണിക്കാതെയാണ് സ്പോണ്‍സറെ തീരുമാനിച്ചത്. ഒരു മാനണ്ഡവും പാലിച്ചില്ല. മെസിയെ കൊണ്ടുവരുന്നത് എങ്ങനെയാണ് സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് എന്തായിരുന്നു. വിവാദങ്ങളില്‍നിന്ന് മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല. സാമ്പത്തിക ഇടപാടിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. സ്പോണ്‍സര്‍ ജിഎസ്‌ടി വെട്ടിപ്പും നടത്തി. ക്രമക്കേട് കണ്ടെത്തിയിട്ടും അന്വേഷണം മരവിച്ചുപോയി. കായിക വകുപ്പ് റിപ്പോർട്ടിന്മേൽ ഉന്നത തല അന്വേഷണം എങ്ങനെ വേണമെന്നാണ് താല്‍പ്പര്യം. ഉചിതമായ നടപടി ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി യാതൊരു കരാറിലും പങ്കാളിയായിരുന്നില്ല എന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞിരുന്നു. മെസി ഉള്‍പ്പെടെ അര്‍ജന്റീന ടീമിന്റെ വരവ് സര്‍ക്കാര്‍ ഉള്‍പ്പെട്ട ത്രികക്ഷി ഏര്‍പ്പാടിന്റെ ഭാഗമായിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്ടപരിഹാരം ഒഴിവാക്കാനും പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ നടത്തിയിരുന്നതായി വ്യക്തമാകുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.