പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി. പാർട്ടി സെക്രട്ടറിയായിരിക്കെ 2011ൽ പിണറായിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സിപിഐഎം വോട്ട് ചോദിച്ചെന്നും ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. സിപിഐഎമ്മും എൽഡിഎഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്.
ശിഹാബ് പൂക്കോട്ടൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ജമാഅത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്‌ഥിരീകരിച്ചിരിക്കുകയാണ്.
അങ്ങനെ ചർച്ചകൾ നടന്നിട്ടേയില്ലെന്ന പാർട്ടി സെക്രട്ടറിയുടെയും സൈബർ പ്രചാരകരുടെയും വാദങ്ങൾ നുണയായിരുന്നുവെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷേ, അപ്പോഴും ചില തെറ്റിദ്ധാരണകൾ പരത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞതു പോലെ എ.കെ.ജി സെൻററിലല്ല ചർച്ച നടന്നത്. ചർച്ചകൾ വിവിധ സ്ഥലങ്ങളിൽ നടന്നിട്ടുണ്ട്. അതിലൊരു ചർച്ച ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ആയിരുന്നു.(2011 മാർച്ച് 31ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ അന്നത്തെ അമീറായിരുന്ന ടി. ആരിഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.)
സന്ദർശനത്തെയും ചർച്ചയെയും സാധൂകരിച്ച് കൊണ്ട് പിണറായി വിജയൻ തന്നെ പ്രസ്താവന നടത്തിയതുമാണ്.
സി.പി.എമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചർച്ചകൾ. ജമാഅത്തിന് അങ്ങിനെയൊരു സർട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. അത് കൊണ്ട് അത് ചോദിച്ചിട്ടുമില്ല; തന്നതുമില്ല.
അങ്ങിനെയൊരു സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാൻ അധികാരമുള്ള ഏജൻസിയാണ് സി.പി.എം എന്ന് ജമാഅത്ത് കരുതുന്നുമില്ല. സി.പി.എം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു. അത് അത്രയൊന്നും വിദൂരമല്ലാത്ത ചരിത്രമാണ്. അതിനെ നിഷേധിക്കുന്നത് പച്ചക്കള്ളമാണ്.