പത്തനംതിട്ട: ഈ ക്രിസ്മസ് ദിനങ്ങളിലും ക്രൈസ്തവർ ആക്രമണം നേരിട്ടെന്ന് മാർത്തോമ സഭാധ്യക്ഷൻ തിയോഡോഷ്യസ് മെത്രാപ്പോലിത്ത. ക്രൈസ്തവർക്ക് എതിരായ ആക്രമണങ്ങളിൽ ആശങ്കയുണ്ട്. മണിപ്പൂരിലെ ആശങ്ക ഇപ്പോഴും തുടരുന്നു. ലഹരി വ്യാപനവും ഗുണ്ട വിളയാട്ടവും ഓൺലൈൻ അഡിക്ഷനും വെല്ലുവിളികൾ ആണെന്നും മെത്രാപ്പോലിത്ത പറഞ്ഞു. മാരാമൺ കൺവൻഷനിലായിരുന്നു തിയോഡോഷ്യസ് മെത്രാപ്പോലിത്തയുടെ പ്രതികരണം.
മതപരിവർത്തനമല്ല മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് മാർത്തോമ സഭ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ്യയിൽ മതപരിവർത്തനം ആരോപിച്ച് ഒരാളെ ചാണകം തീറ്റിച്ചു. മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് മാനവികതയുടെ അർഥം. കോർപ്പറേറ്റ് ഭീകരർ ഒരു രാജ്യവും വിഴുങ്ങാൻ പാടില്ല. വർഗീയ കുറ്റവാളികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ കേന്ദ്രവും സംസ്ഥാന സർക്കാരും തയ്യാറാകണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വിമർശനങ്ങൾ കേൾക്കുവാൻ തയ്യാറാക്കുന്ന ഭരണാധികാരികൾ രാജ്യത്തിന് ആവശ്യമാണ്. യഥാർഥ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം. ജെബി കോശി റിപ്പോർട്ട് എന്താണെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിയുടെ വ്യാപനം ക്രമാതീതമായി വർധിക്കുകയാണ്. ലഹരി വിൽക്കുന്നവർ വിദ്യാലയങ്ങളെ വലയം ചെയ്യുന്നു. കേരളത്തിൽ റെക്കോർഡ് മദ്യവിൽപനയാണ് രേഖപ്പെടുത്തുന്നത്. ബാറുകളുടെ എണ്ണം ക്രമാതീതമായി പെരുകുകയാണ്. തടയേണ്ടവർ നിഷ്ക്രിയരായി ഇരിക്കുന്നു. കുട്ടി കുറ്റവാളികൾ പെരുകുകയാണ്. ജെൻസിയുടെ കേരളം നേരിടുന്ന പ്രതിസന്ധി ഗുണ്ടായിസം. പ്രായപൂർത്തി ആയില്ല എന്നതിന്റെ പേരിൽ ഇവർ നിയമത്തിൻ്റെ മുന്നിൽ നിന്നും രക്ഷപ്പെടുന്നു. അധ്യാപകർക്ക് ഭയമാണ്. എന്നാൽ കുട്ടികളെ മാനവികത പഠിപ്പിക്കുകയാണ് വേണ്ടത്. വിവേകത്തോടെ ഉപയോഗിച്ചാൽ സാമൂഹ്യ മാധ്യമങ്ങൾ നല്ലതാണ് എന്നാൽ അതിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു. റീച്ചും വരുമാനവും വർധിക്കാൻ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു. ഒരു ലൈക്കിനേക്കാൾ വിലപ്പെട്ടതാണ് ജീവിതം, തിയോഡോഷ്യസ് മെത്രാപ്പോലിത്ത.