KERALA

പോസ്റ്ററിലെ 'പാറ്റ'യെ മാറ്റിയില്ലെങ്കില്‍ ഫണ്ട് തിരിച്ചുപിടിക്കും; എംജിയില്‍ വിസി-വിദ്യാർഥി യൂണിയന്‍ പോര് തുടരുന്നു

എന്ത് സംഭവിച്ചാലും പരിപാടി ഭംഗിയായി നടത്തുമെന്ന നിലപാടിലാണ് വിദ്യാര്‍ഥി യൂണിയന്‍.

Author : ന്യൂസ് ഡെസ്ക്

കോട്ടയം എംജി സർവകലാശാലയിലെ 'പാറ്റ' പോസ്റ്റർ വിവാദത്തിൽ വൈസ് ചാന്‍സലറും വിദ്യാര്‍ഥി യൂണിയനും തമ്മിലുള്ള പോര് തുടരുന്നു. പോസ്റ്ററില്‍നിന്ന് പാറ്റയെ മാറ്റിയില്ലെങ്കില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് അനുവദിച്ച പണം തിരികെ പിടിക്കുമെന്നാണ് വിസിയുടെ മുന്നറിയിപ്പ്. അതേസമയം, എന്ത് സംഭവിച്ചാലും പരിപാടി ഭംഗിയായി നടത്തുമെന്ന നിലപാടിലാണ് വിദ്യാര്‍ഥി യൂണിയന്‍.

അടുത്ത മാസം മൂന്ന് മുതൽ ആറു വരെ വരെ നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചരണാർഥം യൂണിയൻ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലാണ് രാജ്യതലസ്ഥാനം വിറപ്പിച്ച പാറ്റകൾ ഇടം പിടിച്ചത്. സർവകലാശാല ഫണ്ട് കൂടി ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയ ഉള്ളടക്കം അനുവദിക്കില്ലെന്നും എത്രയും വേഗം ഫ്ലക്സ് ബോർഡുകൾ നീക്കണമെന്നും വൈസ് ചാൻസലർ ഡി. മാവൂത് നിലപടെടുത്തു. എന്നാൽ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യില്ലെന്ന് യൂണിയൻ അറിയിച്ചു. പിന്നാലെ, നാഷണൽ കോൺഫറൻസ് രാഷ്ട്രീയവൽക്കരിച്ചാൽ തുക പിൻവലിക്കുമെന്ന് കാണിച്ച് യൂണിയന് രജിസ്ട്രാർ കത്ത് നൽകി. വിദ്യാർഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിട്ടില്ലെന്നും ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യില്ലെന്നും യൂണിയനും ആവർത്തിച്ചു.

നാഷണൽ കോൺഫറന്‍സിന്റെ ഭാഗമായി സർവകലാശാലയിൽ നിന്ന് 3,75,000 രൂപയാണ് അനുവദിച്ചത്. അതിൽ 2,81,000 രൂപ ഇതുവരെ യൂണിയനു കൈമാറി. വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് എസ്എഫ്ഐയുടെയും നിലപാട്.

SCROLL FOR NEXT