തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയുടെ സ്വയം ഭരണാധികാരത്തെക്കുറിച്ചും മതേതര മൂല്യങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനക്കെതിരെ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി.എം. ജോണിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ടപ്പോൾ ഉണ്ടായ 'ഗാന്ധിഭക്തിയും സംഘ്പരിവാർ വിരോധവും രാഷ്ട്രീയ നാടകവും'. ഇത് കേരളത്തിലെ ജനതയ്ക്ക് അറിയാം.
ഇടതുപക്ഷ ഭരണത്തിൽ ഉന്നതവിദ്യാഭ്യാസ മേഖല നേരിട്ട അക്കാദമിക തകർച്ചയും അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയവും മറച്ചുവച്ചുകൊണ്ടാണ് യുഡിഎഫിനെ വിമർശിക്കുന്നത്.പ്രതിപക്ഷ നേതാവ് സ്വന്തം ഭരണകാലത്തെ അവിശുദ്ധ ഒത്തുതീർപ്പുകൾ വിസ്മരിക്കുന്നു. ദൈനംദിന പ്രവർത്തനങ്ങളിൽ ഗവർണർമാരുടെ ഇടപെടൽ ഇടത് ഭരണകാലത്താണ് ഉണ്ടായതെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു.
റോജി.എം. ജോണിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സ്വയംഭരണാധികാരത്തെക്കുറിച്ചും മതേതര മൂല്യങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവ് ശ്രീ പിണറായി വിജയൻ്റെ പ്രസ്താവന രാഷ്ട്രീയ കാപട്യവും ചരിത്രവിസ്മൃതിയുമാണ്. അധികാരത്തിൽ നിന്നും ജനങ്ങളാൽ പുറന്തള്ളപ്പെട്ടപ്പോൾ മാത്രം പെട്ടെന്നുണ്ടായ ഈ 'ഗാന്ധിഭക്തിയും' സംഘ്പരിവാർ വിരോധവും കേവലം ഉപരിപ്ലവമായ രാഷ്ട്രീയ നാടകം മാത്രമാണെന്ന് കേരളത്തിലെ പ്രബുദ്ധമായ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുണ്ട്.
ഒരു പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷ ഭരണത്തിൽ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല നേരിട്ട അക്കാദമിക തകർച്ചയും അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയവും മറച്ചുവെച്ചുകൊണ്ട്, യുഡിഎഫ് നെ വിമർശിക്കരുത്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാർ അജണ്ടകളെ ചെറുത്തു എന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ നേതാവ് സ്വന്തം ഭരണകാലത്തെ അവിശുദ്ധ ഒത്തുതീർപ്പുകൾ വിസ്മരിക്കുകയാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വരെ ചാൻസിലർ അഥവാ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് ഇടത് സർക്കാരിന്റെ കാലത്താണ്. ഒരു സർവ്വകലാശാല VC യുടെ പുനർനിയമനത്തിന് വേണ്ടി 3 വട്ടം ഗവർണർക്ക് കത്തയച്ചതും രാജ്ഭവനിൽ നേരിട്ടെത്തി താങ്കൾ ഗവർണറോട് അഭ്യർത്ഥിച്ചതും, താങ്കളുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ താങ്കൾ ആഗ്രഹിച്ച ആളെ VC ആയി ഗവർണർ പുനർനിയമിച്ചതും, പിന്നീട് താങ്കളുടെ സർക്കാരും ഗവർണറും തമ്മിലുള്ള അഡ്ജസ്റ്റ്മെൻറ് പാളിയപ്പോൾ സംഗതികൾ പുറത്തുവന്നതും, സുപ്രീം കോടതി ആ പുനർനിയമനം തന്നെ റദ്ദ് ചെയ്തതും കേരളം മറന്നിട്ടില്ല. സർവ്വകലാശാലാ പദവികൾക്കായി "ഒന്ന് ഞങ്ങൾക്ക്, ഒന്ന് നിങ്ങൾക്ക്" എന്ന രീതിയിൽ രാജ്ഭവന്റെ പടികൾ കയറിയിറങ്ങി താങ്കളും അന്നത്തെ വകുപ്പ് മന്ത്രിയും നടത്തിയ അധികാര വിലപേശലുകൾ ആരും മറന്നിട്ടില്ല. ആ സെറ്റിൽമെന്റിൽ അനർഹരെ പല സ്ഥാനങ്ങളിലും നിയമിച്ചിട്ടുണ്ട്.
കണ്ണൂർ സർവ്വകലാശാലയുടെ സിലബസിൽ സംഘ്പരിവാർ താത്വികരുടെ വർഗീയ ആശയങ്ങൾ ഔദ്യോഗികമായി തിരുകിക്കയറ്റാൻ അവസരമൊരുക്കിയത് ഇടത് സർക്കാരിന്റെ കാലത്താണ്. ഇടത് സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയിൽ ആകുമ്പോൾ ഗവർണ്ണറുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ വിദ്യാർഥിസംഘടനയെ സമരത്തിന് വിട്ട് ശ്രദ്ധ തിരിക്കുന്നതും, ഗവർണറെ സന്ദർശിച്ച് ചായകുടിച്ച് അന്നത്തെ മുഖ്യമന്ത്രി പിരിയുമ്പോൾ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ബൾബ് കെടുന്നത് പോലെ സമരം അവസാനിക്കുന്നതും കേരളം കുറെ കണ്ടതാണ്.
മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും മതേതര ജനാധിപത്യ മൂല്യങ്ങളെ നെഞ്ചേറ്റുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാട് കേരളത്തിലെ സർവകലാശാലകളുടെ കാര്യത്തിൽ സുതാര്യമാണ്. സർവ്വകലാശാലകളെ പാർട്ടി താല്പര്യങ്ങൾക്കനുസരിച്ച് തരംതാഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് ശൈലിയല്ല, മറിച്ച് നിയമവിരുദ്ധമായ ഇടപെടലുകളെ പൂർണ്ണമായും ഭരണഘടനാപരമായി പ്രതിരോധിക്കുന്ന നയമാണ് ഈ സർക്കാരിന്റേത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഏത് ശ്രമത്തെയും എന്ത് വിലകൊടുത്തും ഈ സർക്കാർ ചെറുക്കും. അതാണ് ഇന്നലത്തെയും ഇന്നത്തെയും എന്നത്തെയും നിലപാട്.