മിനി കാപ്പൻ Source: News Malayalam 24x7
KERALA

വിവാദങ്ങൾക്ക് താല്പര്യമില്ല; രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് വിസിയെ അറിയിച്ച് ഡോ. മിനി കാപ്പൻ

പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് മിനി കാപ്പൻ വി.സിക്ക് കത്ത് നൽകി.

Author : ന്യൂസ് ഡെസ്ക്

കേരള സർവകലാശാലയിലെ വിസി - രജിസ്ട്രാർ തർക്കം മുറുകവെ തന്നെ രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഡോ. മിനി കാപ്പൻ. പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് മിനി കാപ്പൻ വി.സിക്ക് കത്ത് നൽകി. വിവാദങ്ങൾക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വിസിക്ക് നൽകിയ കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകികൊണ്ട് വിസി ഉത്തരവ് ഇറക്കിയത്.

നേരത്തെ രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെതിരെ നേരിട്ട് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടെന്ന് ഗവർണർ തീരുമാനിച്ചിരുന്നു. സിൻഡിക്കേറ്റ് തീരുമാനം മറികടന്ന് രജിസ്ട്രാർക്കെതിരെ നടപടികളുമായി നീങ്ങിയാൽ നിയമപരമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഗവർണറുടെ പിന്മാറ്റം. ചട്ടപ്രകാരം രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ വിസിക്ക് താരതമ്യേന കൂടുതൽ അധികാരമുണ്ട്. അതുകൊണ്ട് സർവകലാശാലയിലെ വിഷയങ്ങൾ വിസി തന്നെ കൈകാര്യം ചെയ്യുമെന്ന് ഗവർണറുടെ തന്ത്രപരമായ നിലപാട്.

ഗവർണർ വിസിക്ക് ഗ്രീൻ സിഗ്നൽ നൽകി ബാക്സീറ്റിലേക്ക് മാറിയതോടെ രജിസ്ട്രാറെ വിസിയുടെ അധികാരമുപയോഗിച്ച് വളഞ്ഞുപിടിക്കാനാണ് താത്കാലിക വിസി മോഹനൻ കുന്നുമ്മലിൻ്റെ നീക്കം. സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ ഉത്തരവ് റദ്ദ് ചെയ്തതിന് ശേഷം ചുമതലയിൽ തിരികെ പ്രവേശിച്ച രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഒപ്പിട്ട ഫയലുകൾ മോഹനൻ കുന്നുമ്മൽ തിരിച്ചയച്ചു. എന്നാൽ താൻ നിയോഗിച്ച രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ ഒപ്പിട്ട ഫയലുകൾ അംഗീകരിക്കുകയും ചെയ്തിരുന്നു. വരട്ടെ നോക്കാം എന്നാണ് ഇതിനോട് രജിസ്ട്രാർ അനിൽകുമാറിൻ്റെ പ്രതികരണം.

SCROLL FOR NEXT