തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിക്കണം എന്നാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെ താൽപ്പര്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ജയിക്കാൻ ആവശ്യമായ ശ്രമങ്ങൾ തുടങ്ങാൻ എംഎൽഎ മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നേതൃമാറ്റവുമായി ബന്ധപ്പെട്ട ആവശ്യം ചിലർ ഉന്നയിച്ചതോടെയാണ് ഇന്നലെ നേതൃയോഗത്തിൽ നേരിയ സംഘർഷം ഉണ്ടായത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടല്ല വാക്കു തർക്കങ്ങൾ ഉണ്ടായതെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി. അതേസമയം, കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമന്ന് തോമസ് കെ. തോമസ് പറഞ്ഞു. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഘടകകക്ഷികളുടെ സീറ്റുകൾ സിപിഐഎം ഏറ്റെടുക്കില്ല. സിറ്റിങ് സീറ്റിൽ ഘടകക്ഷികൾ തന്നെ മത്സരിക്കുമെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം തന്നെ എൻസിപി പ്രഖ്യാപിച്ചിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് എലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കും. കുട്ടനാട്ടിൽ നിന്ന് തോമസ് കെ. തോമസും ജനവിധി തേടും. എലത്തൂർ സീറ്റ് സിപിഐഎം ഏറ്റെടുക്കുമെന്ന പ്രചാരണം തെറ്റാണെന്നും സംസ്ഥാന നിർവാഹക സമിതി യോഗ ശേഷം തോമസ് കെ. തോമസ് പറഞ്ഞിരുന്നു. മൂന്നാമത്തെ സീറ്റിൽ ആര് മത്സരിക്കണം എന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്നുമാണ് എൻസിപി വ്യക്തമാക്കിയത്.
11 ഘടകകക്ഷികൾ ഉൾപ്പെടുന്നതാണ് ഇടതുമുന്നണി. യോഗത്തിൽ ചില വിഷയങ്ങളിൽ ശക്തമായ വാദഗതികൾ ഉണ്ടായി. അതിനെ കയ്യാങ്കളി എന്ന് വിശേഷിപ്പിക്കരുതെന്ന് കഴിഞ്ഞദിവസം തോമസ് കെ. തോമസ് പറഞ്ഞിരുന്നു. കൂടുതൽ സീറ്റുകൾ ചോദിക്കുന്നത് പ്രായോഗികമല്ല. യോഗത്തിൽ കയ്യാങ്കളി ഒന്നും ഉണ്ടായില്ല. പല അഭിപ്രായങ്ങൾ ഉയരും. എതിർ അഭിപ്രായങ്ങളും ഉണ്ടാകും ഒരു പാർട്ടി ആകുമ്പോൾ ഇതൊക്കെ സ്വാഭാവികമാണെന്നും തോമസ് കെ. തോമസ് പറഞ്ഞു. പാർട്ടി അധ്യക്ഷനായി തോമസ് കെ. തോമസ് തന്നെ തുടരുവാനും തീരുമാനമായിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് പലരുടെയും ആഗ്രഹമാണെന്നും എന്നാൽ ഇതിനെല്ലാം തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. താൻ മത്സരിക്കണമെന്ന നിർദേശം അഖിലേന്ത്യാ നേതൃത്വം മുന്നോട്ടുവച്ചു എന്നാണ് അറിയാൻ കഴിയുന്നത്. പാർട്ടി തീരുമാനങ്ങൾ അനുസരിക്കും. പാർട്ടി അധ്യക്ഷനെ മാറ്റണമെന്ന ചർച്ചകൾ ഈ അവസരത്തിൽ അനാവശ്യമാണ്. അത്തരം ചർച്ചകൾ പ്രോത്സാഹിപ്പിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ശശീന്ദ്രൻ പറഞ്ഞു.