തൃശൂർ: ശബരിമല സ്ത്രീ പ്രവേശന പുനഃപരിശോധന ഹർജിയിൽ പ്രതികരണവുമായി മന്ത്രി ഗണേഷ് കുമാർ. വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തുമെന്ന് മന്ത്രി പറഞ്ഞു. ആചാരലംഘനം പാടില്ല എന്നതാണ് സർക്കാർ നിലപാട്. ജനാധിപത്യ വ്യവസ്ഥയിൽ തീരുമാനം ഇരുമ്പുലക്കയല്ല. ചില സാഹചര്യങ്ങളിൽ എടുത്ത തീരുമാനം തിരുത്തേണ്ടിവരുമെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. കോൺഗ്രസും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിക്കുള്ളിൽ ചർച്ച നടന്നിട്ടില്ല. വിശ്വാസികൾക്കൊപ്പം എന്നതാണ് ധാരണ. മുഖ്യമന്ത്രി തന്നെ ഭക്തജനങ്ങൾക്കൊപ്പം എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷം ജനങ്ങളുടെ അഭിപ്രായം അനുസരിച്ചു മാത്രമേ തീരുമാനമെടുക്കൂ. ഇടതുപക്ഷ ജനാധിപത്യ മുന്നണി തെറ്റുകൾ തിരുത്തുന്ന പാർട്ടിയാണ്. ശബരിമലയിൽ നിലവിൽ ഒരു പ്രശ്നവുമില്ല. കോടതി ഉത്തരവിനെത്തുടർന്ന് ഉണ്ടായ പ്രശ്നങ്ങളാണ് അവിടത്തേത്. എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും എല്ലാം നിലപാടുകൾ മാനിക്കും. ബരിമല വിഷയം മുൻ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചിട്ടില്ല, ഗണേഷ് കുമാർ.
പ്രേംകുമാർ കോൺഗ്രസിൽ പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമ്പോൾ മറുകണ്ടം ചാടുന്ന ആൾ ആണ് പ്രേംകുമാർ എന്ന് കരുതുന്നില്ലെന്നും ഗണേഷ് കുമാർ. പത്തനാപുരത്ത് തന്നെ മത്സരിക്കും. 25 വർഷമായി തന്നെ സ്നേഹിക്കുന്ന ജനങ്ങളോടൊപ്പം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.