NEWS MALAYALAM 24x7  
KERALA

'ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ട്, അതുകൊണ്ടാണ് വാനോളം പുകഴ്ത്തുന്നത്': മന്ത്രി ജി.ആര്‍. അനില്‍

ലോകത്തിലെ ഏറ്റവും വലിയ എൻജിഒയാണ് ആര്‍എസ്എസ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ ആര്‍എസ്എസ് പ്രശംസയെ വിമര്‍ശിച്ച് മന്ത്രി ജി.ആര്‍. അനില്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും അപകടത്തില്‍ ആകുന്ന തരത്തിലുള്ള നേതൃത്വമായി ഭരിക്കുന്നവര്‍ മാറിയെന്ന് ജി.ആര്‍. അനില്‍ പറഞ്ഞു.

ബിജെപി അധികാരത്തിലെത്താന്‍ എടുത്ത കുറുക്ക് വഴി ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാകുന്നതാണ്. അതിന് ഏറ്റവും വലിയ നേതൃത്വമായി പ്രവര്‍ത്തിച്ചത് ആര്‍എസ്എസ് ആണ്. ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ട്. അതുകൊണ്ടാണ് വാനോളം പുകഴ്ത്തുന്നത്.

ഇന്ത്യ ആഗ്രഹിക്കുന്നത് മതേതരത്വം നിലനിര്‍ത്താനാണ്. വിഭജനത്തിന്റെ വാക്കുകള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ഇന്ത്യയെ വീണ്ടും വെട്ടി മുറിക്കാന്‍ മാത്രമേ അത് ഉപകരിക്കൂ. അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. ആര്‍എസ്എസിനെ പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടില്‍ നിന്ന് പ്രധാനമന്ത്രി പിന്മാറണമെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ ആര്‍എസ്എസ് പ്രശംസ. ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര സംഘടനയാണ് ആര്‍എസ്എസ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാഷ്ട്ര നിര്‍മാണത്തില്‍ ആര്‍എസ്എസ് പങ്കാളിയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ഈ വര്‍ഷം നടക്കാനിരിക്കേയാണ് നരേന്ദ്ര മോദിയുടെ പ്രശംസ. 'നൂറ് വര്‍ഷം മുമ്പ് ആര്‍എസ്എസ് എന്ന സംഘടന രൂപം കൊണ്ടു. നൂറ് വര്‍ഷത്തെ അതിന്റെ സേവനം മഹത്തായ ഏടാണ്. നൂറ് വര്‍ഷമായി ആര്‍എസ്എസ് സ്വയംസേവകര്‍ മാതൃരാജ്യത്തിന്റെ സേവനത്തിനായി വ്യക്തി നിര്‍മാണം, രാഷ്ട്ര നിര്‍മാണം എന്നിവ നിറവേറ്റുന്നതിനായി അവരുടെ ജീവിതം സമര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ 100 വര്‍ഷത്തെ സേവനത്തിന് സംഭാവന നല്‍കിയ എല്ലാ സ്വയംസേവകരെയും ആദരപൂര്‍വ്വം സ്മരിക്കുന്നു.' എന്നായിരുന്നു മുന്‍ ആര്‍എസ്എസ് പ്രചാരക് കൂടിയായിരുന്ന നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍.

SCROLL FOR NEXT