തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇല്ലെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് മന്ത്രി കെ.എ. തുളസി. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രിപറഞ്ഞു. ആശുപത്രിയിൽ ഫൊറൻസിക് സർജനില്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു.
ഫൊറൻസിക് വിഭാഗത്തിലെ പ്രതിസന്ധിയെ തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാനും സാധിക്കുന്നില്ലെന്നും, പോസ്റ്റുമോർട്ട് നടപടികൾക്കായി പാലക്കാട്ടുകാർ തൃശൂർ ജില്ലയെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 25നാണ് പാലക്കാട് ജില്ല ആശുപത്രിയിലെ ഫൊറൻസിക് സർജൻ കാസർഗോട്ടേയ്ക്ക് സ്ഥലംമാറി പോയത്. ഒരാഴ്ചയിലധികം പിന്നിട്ടിട്ടും പകരം ഫൊറൻസിക് സർജനെ നിയമിച്ചിട്ടില്ല.
രണ്ട് ഫൊറൻസിക് സർജന്മാരായിരുന്നു പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഒരാളെ തൃശൂരേക്കും മറ്റൊരാളെ കാസർഗോട്ടേക്കും മാറ്റുകയായിരുന്നു. എന്നാൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഒഴിവുകളിലേക്കും പകരം ആളെത്തിയില്ല. ജില്ലാ ആശുപത്രിയിലെ ചീഫ് കൺസൾട്ടൻ്റ് ഇൻ ഫൊറൻസിക് മെഡിസിൻ തസ്തികയിൽ നിന്ന് ഡോ. പി.ബി. ഗുജറാൾ വിരമിച്ച ശേഷം ഈ തസ്തികയിൽ നിയമനമായിട്ടില്ല.
ചീഫ് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമിക്കാൻ യോഗ്യതയുള്ളവർ പരിമിതമായതിനാൽ സീനിയർ കൺസൾട്ടൻ്റ് തസ്തികയിൽ നിയമനം നടത്തണമെന്നായിരുന്നു ആവശ്യം. ജില്ലാ ആശുപത്രിയിൽ ഒരു സീനിയർ കൺസൾട്ടൻ്റ് തസ്തിക മാത്രമാണുള്ളത്.
ഈ തസ്തിക രണ്ടുവർഷമായി ഒഴിഞ്ഞുകിടപ്പാണ്. അതിനാൽ ചില കേസുകളിലെ പോസ്റ്റുമോർട്ടം മറ്റ് ജില്ലകളിൽ വെച്ചാണ് നടത്താറുള്ളത്. ഫൊറൻസിക് സർജന്മാരെ നിയമിക്കാത്തതിനാൽ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്കോ തൃശൂർ ജനറൽ ആശുപത്രിയിലേക്കോ അയക്കേണ്ട സ്ഥിതിയാണുള്ളത്.
നിലവിൽ ഒരുദിവസം രണ്ടോ മൂന്നോ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടത്തിനായി തൃശൂരിലേക്ക് അയക്കേണ്ടി വരുന്നത്. ഇതിനുള്ള ചെലവും മരിച്ചയാളുടെ ബന്ധുക്കൾ വഹിക്കണം. ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ന്യൂസ് മലയാളം വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഇതിലാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.