പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായർക്ക് പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കുമെന്ന് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കൂടിയായ ഗണേഷ് കുമാർ പറഞ്ഞു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വേദിയിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. ചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവച്ചാൽ കേരളത്തിലെ മുഴുവൻ നായന്മാരും രാജിവച്ചു എന്നല്ലെന്നും അവർക്ക് പോയി എന്നാണെന്നും മന്ത്രി പരിഹസിച്ചു.
എൻഎസ്എസ് അഭിമുഖീകരിക്കുന്ന വിഷയങ്ങളിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കാറുള്ളത്. ജനറൽ സെക്രട്ടറിയുടെ നിലപാടിനെ പ്രതിനിധി സഭയിൽ പോലും ആരും ചോദ്യം ചെയ്തില്ല. എൻഎസ്എസിന് അനുകൂല നിലപാട് സർക്കാർ സ്വീകരിക്കുമ്പോൾ അതിനെ സെക്രട്ടറി സ്വാഗതം ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും ഗണേഷ് കുമാർ ചോദിച്ചു. 250 രൂപ കൊടുത്താൽ ഏത് അലവലാതിക്കും ഫ്ലക്സ് ബോർഡ് അടിക്കാം. പത്തനംതിട്ട കേന്ദ്രീകരിച്ചാണ് എൻഎസ്എസിനെതിരെ നീക്കം നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സുകുമാരൻ നായരുടെ കയ്യിൽ കറപുരണ്ടിട്ടില്ലെന്നും അദ്ദേഹം സത്യസന്ധനാണെന്നും മന്ത്രി പറഞ്ഞു. സുകുമാരൻ നായർക്കെതിരായ ട്രോളുകൾ ഫോർവേഡ് ചെയ്യരുതെന്നും യോഗത്തിൽ ഗണേഷ് കുമാർ നിർദേശിച്ചു. ജി. സുകുമാരന്‍ നായർ സർക്കാറിനെക്കുറിച്ച് നല്ലത് പറഞ്ഞു. കേരള-കേന്ദ്ര സർക്കാറുകളെ എതിർത്തും ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞിട്ടുണ്ട്. എൻഎസ്എസിന്റെ നിലപാട് എക്കാലത്തും ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. എൻഎസ്എസ് സമദൂരത്തില്‍ തന്നെയെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.