മന്ത്രി കെ. രാജൻ Source: News Malayalam 24x7
KERALA

"കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍ അഭിമാനം, മുതലാളി രാജന്‍ എന്ന പേര് കേട്ടില്ലല്ലോ..."; വിള്ളൽ വിവാദത്തിൽ മറുപടിയുമായി മന്ത്രി കെ. രാജൻ

നേരിട്ട് പരിശോധന നടത്തിയത് ദന്തഗോപുരവാസി അല്ലാത്തത് കൊണ്ടെന്നും മന്ത്രി...

Author : ന്യൂസ് ഡെസ്ക്

വയനാട്: വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് എതിരെ ഉയർത്തിയ വിള്ളൽ വിവാദത്തിന് അതിവൈകാരിക മറുപടിയുമായി റവന്യൂ മന്ത്രി കെ. രാജൻ. ഉണ്ടായത് ക്രാക്കല്ല, ഷ്രിംഗേജെന്ന് മന്ത്രി പ്രതികരിച്ചു. സാങ്കേതിക വിദഗ്ധർ വീടുകളിൽ വാട്ടര്‍ പോണ്ടിംഗ് ടെസ്റ്റ് നടത്തി. ആ ടെസ്റ്റിൽ രണ്ട് വീടുകളിൽ വെള്ളം കിനിയുന്നത് കണ്ടെത്തി. സാങ്കേതിക വിദഗ്ധർ ആ ഭാഗം പെൻസിൽ കൊണ്ട് മാര്‍ക്ക് ചെയ്തതിനെയാണ് വിള്ളലായി ചിത്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

നേരിട്ട് പരിശോധന നടത്തിയത് ദന്തഗോപുരവാസി അല്ലാത്തത് കൊണ്ടെന്നും മന്ത്രി പ്രതികരിച്ചു. നാടിന്റെ അഭിമാനം കാക്കാന്‍ അതിലും വലിയ ഉയരത്തിലും വേണ്ടി വന്നാല്‍ കയറുമെന്ന് മന്ത്രി പറഞ്ഞു. നേരിടേണ്ടി വന്ന ആക്ഷേപങ്ങളിലും സൈബർ ആക്രമണങ്ങളിലും മന്ത്രി പ്രതികരിച്ചു. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ്. 'കൂലിപ്പണിക്കാരൻ രാജൻ' എന്ന വിളിയിൽ അഭിമാനമുണ്ടെന്നും അഞ്ച് കൊല്ലം മന്ത്രി ആയിട്ടും ആരും 'മുതലാളി രാജൻ' എന്ന് വിളിച്ചില്ലല്ലോ എന്നും മന്ത്രി തിരിച്ചടിച്ചു. ചൂരല്‍മലക്കാര്‍ക്ക് താന്‍ മന്ത്രിയല്ല, വീട്ടുകാരനാണ്. അവര്‍ക്ക് വീടേല്‍പ്പിക്കുമ്പോള്‍ വിള്ളലുണ്ടെന്ന ആശങ്ക പോലും ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്കെതിരെ പ്രതികരിച്ച ടൗൺഷിപ്പിലെ വീട്ടുടമ നൗഫലിനെതിരെ യാതൊരുവിധ സൈബർ ആക്രമണങ്ങളും നടത്തരുതെന്നും മന്ത്രി പറഞ്ഞു. നൗഫൽ ദുരന്തബാധിതനാണ്. എന്നാൽ, ഒരു ദുരന്തബാധിതൻ ഹൃദയവേദനയോടെ അദ്ദേഹത്തിൻ്റെ വിഷമങ്ങൾ പറയുമ്പോൾ ചുറ്റും കൂടി നിന്ന് ചിരിക്കുകയും ചൂളമടിക്കുകയും ചെയ്യുന്നവരുടെ മാനസികാവസ്ഥ മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT