കെ.എം. ഷാജി Source: FB
KERALA

"കരിങ്കൊടി കാട്ടുന്നത് പ്രതിഷേധമായി കാണുന്നില്ല"; യുവ മോർച്ച സമരത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി

മന്ത്രിമാർ സമരക്കാരോട് പ്രശ്നമുണ്ടാക്കുന്ന രീതി ശരിയല്ലെന്നും കെ.എം. ഷാജി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

യുവ മോർച്ച സമരത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി കെ.എം. ഷാജി. പൊലീസ് ഇറങ്ങരുതെന്ന് പറഞ്ഞിട്ടും താൻ ഇറങ്ങിയതാണ് പ്രശ്നമായതെന്ന വാദം മന്ത്രി ആവര്‍ത്തിച്ചു. കരിങ്കൊടി കാട്ടുന്നത് പ്രതിഷേധമായി കാണുന്നില്ല. കറുപ്പിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്ത ആളാണ് താൻ. യുവ മോർച്ച പ്രതിഷേധക്കാർക്കെതിരായ കേസ് സ്വാഭാവിക നടപടിയാണെന്നും ഷാജി അഭിപ്രായപ്പെട്ടു.

മന്ത്രിമാർ സമരക്കാരോട് പ്രശ്നമുണ്ടാക്കുന്ന രീതി ശരിയല്ലെന്ന് കെ.എം. ഷാജി പറഞ്ഞു. കഴിഞ്ഞ സർക്കാരിനെപ്പോലെ അല്ല സമരത്തെ നേരിടേണ്ടത് എന്ന പോളിസിയാണ് യുഡിഎഫിനുള്ളത്. താൻ സമരക്കാരെ അടിക്കണം എന്നാണോയെന്നും മന്ത്രി ചോദിച്ചു. കറുപ്പ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ്. കറുപ്പ് പ്രതിഷേധത്തിന്റെയും വെളുപ്പ് സമാധാനത്തിന്റെയും നിറമാകുന്ന രാഷ്ട്രീയം തനിക്ക് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവ മോർച്ച പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്. പിന്നാലെ മന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങി ഓട്ടോയിൽ യാത്ര തുടരാൻ ശ്രമിച്ചെങ്കിലും യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ അതും തടഞ്ഞു. തുടര്‍ന്ന് ഓട്ടോയില്‍ നിന്നിറങ്ങിയ മന്ത്രി നടന്നാണ് പോയത്. തലസ്ഥാനത്ത് ബേക്കറി ജങ്ഷനിലാണ് അര മണിക്കൂറോളം യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്.

എന്നാല്‍, ഓഫീസിൽ നിന്ന് നിശ്ചയിച്ച സമയത്തേക്കാൾ അരമണിക്കൂർ നേരത്തെ ഇറങ്ങിയെന്നും, അതുകൊണ്ടാണ് സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതെന്നുമായിരുന്നു മന്ത്രി അന്ന് പ്രതികരിച്ചത്. സുരക്ഷയൊരുക്കുന്നതില്‍ പൊലീസിന് വീഴ്ചയില്ല. പൊലീസിന് സ്ഥലത്തെത്താൻ ഞാൻ സമയം നൽകിയിരുന്നില്ല എന്നതാണ് സത്യം. അതല്ലാതെ മറ്റൊരു പ്രശ്നവുമില്ല, പ്രതിഷേധക്കാർ കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കിയിട്ടുമില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

SCROLL FOR NEXT