എം. ലിജു  Source: News Malayalam 24X7
KERALA

ഉദ്യോഗസ്ഥര്‍ മാറുന്നത് ആദ്യ സംഭവമല്ല; സീറാം സാംബശിവ റാവുവിനെ മാറ്റിയതില്‍ മന്ത്രി എം. ലിജു

നിലവില്‍ ലൈസന്‍സ് അനുവദിച്ചത് റദ്ദാക്കുന്ന സംബന്ധിച്ച് നിയമപദേശം തേടിയിട്ടുണ്ടെന്നും മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നില്ലെന്നും ലിജു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെ സീറാം സാംബശിവ റാവുവിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതികരിച്ച് എക്‌സൈസ് മന്ത്രി എം. ലിജു. ഉദ്യോഗസ്ഥര്‍ മാറുന്നത് ആദ്യത്തെ സംഭവമല്ലെന്നാണ് ലിജുവിന്റെ പ്രതികരണം.

കഴിഞ്ഞദിവസം 35 ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു, 36 മതായി ഈ മാറ്റം നടന്നുവെന്ന് മാത്രം. നിലവില്‍ ലൈസന്‍സ് അനുവദിച്ചത് റദ്ദാക്കുന്ന സംബന്ധിച്ച് നിയമപദേശം തേടിയിട്ടുണ്ടെന്നും മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കുന്നില്ലെന്നും ലിജു പറഞ്ഞു.

പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ അറിയണമെന്നും മന്ത്രി പറഞ്ഞു. എഫ്എല്‍-7 ലൈസന്‍സ് വിവാദത്തിലും മന്ത്രി പ്രതികരിച്ചു.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാണ്. ലൈസന്‍സ് റദ്ദാക്കുന്നതില്‍ നിയമോപദേശം നേടിയിട്ടുണ്ട്. തനിക്ക് മുന്‍വിധിയില്ല. എഫ്എല്‍-7ന്റെ കാര്യത്തില്‍ താന്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയിട്ടില്ല. എഫ്എല്‍-3യുടെ കാര്യമാണ് പറഞ്ഞത്. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഒരു ബാര്‍ വൈന്‍ പാര്‍ലറായി പ്രവര്‍ത്തിക്കുന്നു. അത് ഒരു അപേക്ഷ കൊടുത്താല്‍ ബാറായി മാറുന്ന സാഹചര്യം ശരിയല്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

അഴിമതിക്കെതിരെ നടപടി എടുത്ത സര്‍ക്കാരാണ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി നടപടി ഉണ്ടാകുമ്പോള്‍ അന്വേഷണം ഉണ്ടാകും. നടപടിയും ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ മുന്‍വിധിയില്ല എന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT