Source: News Malayalam 24x7
KERALA

ശിലാഫലകത്തിൽ 'മഹനീയ സാന്നിധ്യം', പക്ഷെ പരിപാടിക്ക് ക്ഷണമില്ല; ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രിയുടെ പേര് വെട്ടിയത് അവസാനനിമിഷം

പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിലാഫലകത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരും...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര് കേന്ദ്ര സർക്കാർ വെട്ടിയത് അവസാന നിമിഷം. പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ശിലാഫലകത്തിൽ റിയാസിൻ്റെ പേരും ഉണ്ട്. മഹനീയ സാന്നിധ്യം എന്ന് രേഖപ്പെടുത്തിയതിന് താഴെയാണ് ശിലാഫലകത്തിൽ റിയാസിൻ്റെ പേരുള്ളത്.

മുൻകൂട്ടി നിശ്ചയിച്ച് തയ്യാറാക്കിയ ശിലാഫലകത്തിലടക്കം പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിൻ്റെ പേരുണ്ട്. എന്നാൽ, മന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചില്ല. ഈ ഒഴിവാക്കലിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനകളുണ്ട് എന്ന് നേരത്തെ തന്നെ എൽഡിഎഫ് ആരോപിച്ചിരുന്നു. അതിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ ശിലാഫലകവുമെന്നാണ് ഇപ്പോൾ സിപിഐഎം നേതൃത്വം ആരോപിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണ് ഇത്തരത്തിലൊരു പരിപാടി നടത്താൻ തീരുമാനിച്ചത്. ഫലകമടക്കം തയ്യാറാക്കിയെങ്കിലും സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രി പങ്കെടുത്താൽ ദേശീയപാത വികസനത്തിൻ്റെ ക്രെഡിറ്റ് സംസ്ഥാനത്തിന് കൂടി അവകാശപ്പെടാനുള്ളതാണ് എന്ന ചർച്ച വരാൻ സാധ്യതയുണ്ട്. മാത്രമല്ല, കേരളം ഇത്തരമൊരു പദ്ധതിയുമായി ബന്ധപ്പെട്ട് മുടക്കിയ പണം സംബന്ധിച്ച് കൂടുതൽ ചർച്ച ഉയരാൻ സാധ്യതയുണ്ട്. ഈ കാര്യങ്ങൾ മുൻനിർത്തിയാണ് മന്ത്രിയെ അവസാനനിമിഷം പരിപാടിയിൽ നിന്ന് മാറ്റിനിർത്തിയത് എന്നതിൻ്റെ സൂചനകളാണ് പുറത്തുവരുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി ഈയൊരു പദ്ധതി മുടങ്ങിപ്പോകുന്ന ഘട്ടം വന്നപ്പോൾ അതിന് സ്ഥലമെടുപ്പിനടക്കം പണം മുടക്കിക്കൊണ്ടാണ് സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോയത്. ഒരു ഘട്ടത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടക്കം പദ്ധതിക്ക് വേണ്ടിയുള്ള കേരളത്തിൻ്റെ ഇടപെടൽ എടുത്തുപറഞ്ഞ് പ്രശംസിച്ചിരുന്നു. അവസാനനിമിഷമാണ് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിക്കൊണ്ട് പരിപാടി പ്രഖ്യാപിക്കുകയും മന്ത്രിയെ ക്ഷണമില്ലാതിരിക്കുന്ന സാഹചര്യവുമുണ്ടായത്.

SCROLL FOR NEXT