KERALA

യുവതിയുടെ പരാതി ലഭിച്ചയുടൻ നടപടിയെടുത്തു, മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ നടക്കുന്നത് കുപ്രചരണങ്ങൾ: ഒ.ആർ. കേളു

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മെഡിക്കൽ കോളേജിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്നും ഒ.ആർ. കേളു വ്യക്തമാക്കി

Author : ലിൻ്റു ഗീത

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് തുണി പുറത്ത് വന്ന സംഭവത്തിൽ പരാതി ലഭിച്ചയുടനെ നടപടി സ്വീകരിച്ചുവെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു. ജനുവരി അഞ്ചാം തീയതിയാണ് യുവതി പരാതി നൽകിയത്. ഓഫീസിൽ നിന്നാണ് പരാതി വീണ്ടും എഴുതിയത്. അപ്പോൾ തന്നെ നടപടി സ്വീകരിച്ചിരുന്നുവെന്നും മന്ത്രി ഒ.ആർ. കേളു വിശദികരിച്ചു. നിലവിൽ നടക്കുന്ന കുപ്രചരണങ്ങൾ മെഡിക്കൽ കോളേജിനെ തകർക്കാനുള്ളതാണ്. വ്യക്തിഹത്യ ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോളേജിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്നും ഒ.ആർ. കേളു വ്യക്തമാക്കി.

അതേസമയം, മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് പരാതിയിൽ വിദഗ്ധ സംഘം വയനാട്ടിലെത്തി. ചികിത്സ പിഴവിന് ഇരയായ യുവതിയിൽ നിന്ന് വിശദമായ മൊഴിയെടുക്കാനാണ് സംഘമെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രേഖകളും സംഘം പരിശോധിക്കും.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിക്കാണ് ചികിത്സാ പിഴവിനെ തുടർന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒക്ടോബർ 20നാണ് മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതി പ്രസവിച്ചത്. 23ന് യുവതിയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കടുത്ത വേദനയെ തുടർന്ന് രണ്ടുതവണ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും സ്കാനിങ് നടത്തിയില്ലെന്ന പരാതിയും യുവതി ഉയർത്തുന്നുണ്ട്. കഴിഞ്ഞമാസം 29ാം തീയതി യുവതിയുടെ വയറിൽ നിന്നും തുണിക്കെട്ട് പുറത്തുവരികയായിരുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘവും യുവതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ശരീരത്തിൽ നിന്ന് ലഭിച്ച തുണി കഷണം ഹാജരാക്കാൻ യുവതിയോട് ആവശ്യപ്പെട്ടു.

SCROLL FOR NEXT