കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. രജിസ്ട്രാറെ പുറത്താക്കാൻ വിസിക്ക് അധികാരമില്ലെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രാറെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാനുള്ള അധികാരം 100 ശതമാനവും സിൻഡിക്കേറ്റിനാണ്. ചർച്ച നടക്കുമ്പോൾ വിസി ഇറങ്ങി പോവുകയാണ് ചെയ്തത്. സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള നടപടിയാണ് സിൻഡിക്കേറ്റ് സ്വീകരിച്ചതെന്നും ആർ. ബിന്ദു പറഞ്ഞു.
സിൻഡിക്കേറ്റ് അംഗങ്ങൾ അവരിൽ നിന്ന് ഒരു ചെയർപേഴ്സനെ തിരഞ്ഞെടുത്തതിനു ശേഷം രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്യുകയാണ് ചെയ്തത്. വൻഭൂരിപക്ഷത്തോടെയാണ് തീരുമാനമെടുത്തത്. സ്റ്റാറ്റ്യൂട്ട് പ്രകാരമാണോ നടപടിയെന്ന് എന്ന് കോടതി പരിശോധിക്കട്ടെ. രജിസ്ട്രാർക്കെതിരെയുള്ള മോഹനൻ കുന്നുമ്മലിന്റെ നടപടി നിയമത്തിന്റെ പരിധിക്ക് അകത്ത് നിൽക്കുന്നതല്ലെന്നും കോടതി ഇത് ഏതുവിധേനയാണ് പരിഗണിക്കുന്നതെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ആർ. ബിന്ദു വ്യക്തമാക്കി.
"കാവിക്കൊടി പിടിച്ച ആർഎസ്എസിന്റെ ഭാരതാംബയെ ഭാരതത്തിന്റെ ഭാരതാംബയാക്കാനാണ് ശ്രമം നടക്കുന്നത്. ത്രിവർണ്ണപതാക ഏന്തിയ ഭാരതാംബയെ മാത്രമേ അംഗീകരിക്കു. കാവി പതാക പിടിച്ച ഭാരതാംബ നമ്മുടെ പൊതുബോധത്തിൽ ഇല്ല. സർവകലാശാലകൾക്കകത്ത് സംഘർഷാത്മക അന്തരീക്ഷം ബോധപൂർവ്വം ഉണ്ടാക്കി കൊണ്ടുവരികയാണ്. കേന്ദ്ര ഗവൺമെന്റിന്റെ ചട്ടുകമായാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. ആ ഗവർണർമാർ അവരുടെ ചട്ടുകമാക്കി വൈസ് ചാൻസലർമാരെ മാറ്റുന്നു", ആർ. ബിന്ദു.
വൈസ് ചാന്‍സലറുടെ എതിർപ്പ് മറികടന്ന് ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ കെ.എസ്. അനില്‍ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയത്. സസ്പെൻഷൻ നിയമവിരുദ്ധ നടപടിയാണെന്നാണ് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങൾ വാദിച്ചത്. എന്നാല്‍ നടപടി ശരിയാണെന്ന നിലപാടിലായിരുന്നു ബിജെപി അംഗങ്ങള്‍. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെ നടപടിയിൽ ഉറച്ചു നില്‍ക്കുകയായിരുന്നു താല്‍ക്കാലിക ചുമതലയുള്ള ഡോ. സിസാ തോമസ്.
യോഗത്തില്‍ നിന്ന് വൈസ് ചാന്‍സലർ ഇറങ്ങിപ്പോയിരുന്നു. എന്നാല്‍, സീനിയർ അംഗമായ പ്രൊഫ. രാധാ മണിയുടെ അധ്യക്ഷതയിൽ സിൻഡിക്കേറ്റ് യോഗം തുടർന്നു. ഈ യോഗത്തിലാണ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് പ്രമേയം പാസാക്കിയത്. അതേസമയം, യോഗം പിരിച്ചുവിട്ടാണ് ഇറങ്ങിപ്പോന്നതെന്നും തന്റെ അഭാവത്തില്‍ തുടർന്ന യോഗത്തിന് നിയമ സാധ്യതയില്ലെന്നുമാണ് വിസി വ്യക്തമാക്കിയത്. അനില്‍ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ തീരുമാനം ഹൈക്കോടതിയെ അറിയിക്കും.