മലയാള ഐക്യവേദി സംസ്ഥാന സമ്മേളന ലോഗോ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതിവകുപ്പ് മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു. പതിനാറാമത് വാര്‍ഷിക സമ്മേളനം നവംബർ 15, 16 തീയതികളിൽ മേനംകുളത്തുള്ള അന്താരാഷ്ട്ര ദ്രാവിഡഭാഷാ പഠനകേന്ദ്ര (ഇന്റര്‍നാഷണല്‍ സ്‍കൂള്‍ ഓഫ് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സി) ത്തിലാണ് നടക്കുന്നത്. വയനാട് വെള്ളമുണ്ട സ്വദേശി പി. ഡി. അനീഷാണ് ലോഗോ ഡിസൈൻ ചെയ്തത്.
മാതൃഭാഷാ അവകാശങ്ങൾക്ക് വേണ്ടി കഴിഞ്ഞ പതിനാറ് വർഷമായി കേരളത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് മലയാള ഐക്യവേദി. മാതൃഭാഷയായ മലയാളം എല്ലാ മണ്ഡലങ്ങളിൽ നിന്നും കയ്യൊഴിയപ്പെട്ട സന്ദർഭത്തിലാണ് 2009ൽ മലയാള ഐക്യവേദി രൂപീകരിക്കപ്പെട്ടത്. ജനകീയമായ ഇടപെടലുകളിലൂടെയും നിരന്തരമായ സമരങ്ങളിലൂടെയും മാത്രമേ മാതൃഭാഷാവകാശങ്ങൾ സംരക്ഷിക്കാൻ കഴിയൂ എന്ന സാഹചര്യത്തിന് കേരളത്തിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഭാഷാവകാശങ്ങൾ സംരക്ഷിക്കാനുള്ള തുടർ പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കും നാം തയ്യാറെടുക്കേണ്ടത് അനിവാര്യമാണ്.
സംഘാടക സമിതി രൂപീകരിക്കുന്നതിന് നവംബർ ഒന്നിന് വൈകീട്ട് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ യോഗം നടക്കും.