എറണാകുളം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം. ജോണിനെ ചുമതലപ്പെടുത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോടതിയോട് സാവകാശം ചോദിക്കും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
വിഷയത്തിൽ എൽഡിഎഫ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷക്കാലം ഒന്നും ചെയ്യാതിരുന്ന സർക്കാരാണ് ഇപ്പോൾ അധികാരത്തിൽ വന്ന് ദിവസങ്ങൾ മാത്രമായ ഒരു സർക്കാരിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടിയൊഴിപ്പിക്കൽ നാളെ തന്നെ പൂർത്തിയാക്കണം എന്നായിരുന്നു പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കൽ പൂർത്തിയായില്ലെങ്കിൽ മുഴുവൻ പേരെയും മാറ്റുന്നത് വരെ നടപടി തുടരണമെന്നും, ആവശ്യമായ സുരക്ഷ നൽകണമെന്നും പൊലീസിന് കർശന നിർദേശമുണ്ട്. പ്രതിഷേധം കടുപ്പിക്കാനാണ് സിപിഐഎം തീരുമാനം. മുൻ മന്ത്രി ആർ. ബിന്ദു ഇന്ന് സ്ഥലം സന്ദർശിക്കും.
സുപ്രീം കോടതിയാണ് എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിലെ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഇതുംചേർത്ത് പതിനഞ്ചാം തവണയാണ് കോടതി ഉത്തരവ് നടപ്പിലാക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.