ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൻ്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദര പാന്ധ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ആഴമേറിയ മാൻ ഹാളിലാണ് തൊഴിലാളികൾ ഇറങ്ങിയത്. ആദ്യമിറങ്ങിയ തൊഴിലാളി രക്ഷപ്പെടുത്തുന്നതിനിടെ മറ്റ് രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തിൽ കട്ടപ്പന പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് തൊഴിലാളികൾ ഓടയിലേക്ക് ഇറങ്ങിയതെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചിരുന്നു. പിന്നാലെ സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ആദ്യം ഓടയിലിറങ്ങിയ തൊഴിലാളി അപകടത്തിൽ പെട്ടുവെന്ന് മനസിലായതോടെ രക്ഷിക്കാനായി മറ്റു രണ്ടു തൊഴിലാളികളും ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. അപകടവിവരം അറിഞ്ഞ ഉടനെ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹാത്തോടെ ഓടയ്ക്ക് സമീപമുള്ള ഇന്റർലോക്ക് മാറ്റിയാണ് ജെസിബി ഉപയോഗിച്ച് മണ്ണുമാന്തി രക്ഷാപ്രവർത്തനം നടത്തിയത്.